തെക്കന്‍ മലയോരത്ത് കാറ്റിലും മഴയിലും വ്യാപക നാശം
1423785
Monday, May 20, 2024 6:30 AM IST
വെള്ളറട: ഏതാനും ദിവസങ്ങളായി മലയോരമേഖലയില്‍ തുടരുന്ന ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. റോഡുകളിലെ വെള്ളക്കെട്ട് ഗതാഗത തടസം സൃഷ്ടിക്കുന്നതായി പരാ തി. മാസങ്ങള്‍ക്കുമുന്‍പ് പണി തീര്‍ത്ത നിലമാമൂട് - അഞ്ചുമരങ്കാല റോഡില്‍ ഒരാഴ്ചയായി വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിട്ടുള്ളത്.
കാല്‍നടയാത്രക്കാര്‍ക്കു പോലും സഞ്ചരിക്കാന്‍ കഴിയാത്ത നിലയാണ്. റോഡ് നിര്‍മാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിനു കാരണമെന്നു നാട്ടുകാര്‍ പറയുന്നു. നിലമാമൂട് കുട്ടിമുക്ക് റോഡിലും വെള്ളക്കെട്ട് തുടരുകയാണ്.
വെള്ളറട, കുന്നത്തുകാല്‍, ആര്യങ്കോട്, അമ്പൂരി, ഒറ്റശേഖരമംഗലം പഞ്ചായത്തുകളില്‍ നിരവധി സ്ഥലങ്ങളില്‍ കൃഷിനാശം സംഭവിച്ചു.വാഴ, മരച്ചീനി, പച്ചക്കറി കൃഷിക്കാരാണ് ഏറെയും ദുരിതത്തിലായത്. മരങ്ങള്‍ കഴപുഴ കി വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് ബാല്‍രാജിന്റെ 1200 ല്‍ പരം കുലച്ച വാഴകളാണ് ശക്തമായ കാറ്റിലും ഒടിഞ്ഞുവീണത്. പ്രദേശത്തെ ഒട്ടേറെ വാഴ കര്‍ഷകര്‍ ദുരിതത്തിലാണ്.