അതിയന്നൂർ -പത്താംകല്ല് -പുന്നറത്തല റോഡ് ശോച്യാവസ്ഥയില്‍
1423477
Sunday, May 19, 2024 6:23 AM IST
നെയ്യാറ്റിൻകര: കുത്തനെയുള്ള ഇറക്കത്തിനിരുവശവും ടാറും കല്ലുമൊക്കെ ഇളകി രൂപപ്പെട്ട നീളന്‍ കുഴികള്‍. മഴ പെയ്തതോടെ കാല്‍നട യാത്ര പോലും അപകടകരം. അതിയന്നൂർ -പത്താംകല്ല് -പുന്നറത്തല റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന തദ്ദേശവാസികളുടെ ആവശ്യത്തോട് നഗരസഭ അധികൃര്‍ മുഖം തിരിച്ചു നില്ക്കുന്നതായി ആക്ഷേപം.
സ്കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പരിസരത്തെ കുട്ടികളുടേയും മുതിര്‍ന്നവരുടേയും പ്രധാന ആവശ്യം അതിയന്നൂർ -പത്താംകല്ല് -പുന്നറത്തല റോഡിന്റെ അതിവേഗ അറ്റകുറ്റപ്പണിയാണ്.
പത്താംകല്ലിനെയും അരംഗമുകളിനെയും ബന്ധിപ്പിക്കുന്ന നഗരസഭ പാതയുടെ അവസ്ഥ മാസങ്ങളായി പരിതാപകരമാണെന്ന് നാട്ടുകാര്‍ ആവര്‍ത്തിക്കുന്നു. നൂറിലേറെ കുടുംബങ്ങളുടെ സഞ്ചാരപാതയാണിത്.
ഈ റോഡ് അറ്റകുറ്റപ്പണി ചെയ്ത് ശോച്യാവസ്ഥ പരിഹരിക്കണമെന്ന നിവേദനം നെയ്യാറ്റിന്‍കര നഗരസഭയില്‍ പല തവണ നല്‍കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വീടുകളില്‍ നിന്നും വാഹനങ്ങള്‍ പുറത്തേയ്ക്ക് കൊണ്ടു വരാനാവാത്ത വിധം ഗതികേടിലാണ് റോഡിന്റെ അവസ്ഥ.
ഒട്ടേറെ ഇരുചക്രവാഹന യാത്രക്കാര്‍ റോഡില്‍ പലയിടത്തായി വീഴുകയും ചെയ്തു. അടിയന്തരമായി ദുരവസ്ഥയ്ക്ക് നഗരസഭ ശാശ്വത പരിഹാരം കാണണമെന്ന് തദ്ദേശവാസികള്‍ ആവശ്യപ്പെട്ടു.