സി.വി. മലയാളത്തിന്റെ മഹാസാഹിത്യകാരൻ: അടൂർ
1423473
Sunday, May 19, 2024 6:23 AM IST
തിരുവനന്തപുരം: മലയാള സാഹിത്യ ചരിത്രത്തിലെ ഏറ്റവും വലിയ എഴുത്തുകാരനാണ് സി.വി.രാമൻപിള്ള എന്ന ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. തിരുവനന്തപുരം സെൻട്രൽ ലൈബ്രറിയിൽ മലയാള സാഹിത്യകുലപതി സി.വി. രാമൻപിള്ളയുടെ 166-ാമത് ജന്മദിനാഘോഷ സമ്മേളനം ഉദ്ഘാടം ചെയ് തുപ്രസംഗിക്കുകയായിരുന്നു അടൂർ. തിരുവനന്തപുരം സെൻട്രൽ ലൈബ്രറിയുടെയും സി.വി.രാമൻപിള്ള നാഷണൽ ഫൗണ്ടേഷനും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.
എഴുത്തുകാർ തന്നെ സ്വന്തം രചനകൾ പ്രസിദ്ധീകരിക്കുകയും വായനക്കാരിലെത്തിക്കുകയും ചെയ്യേണ്ടിവന്നിരുന്ന ഒരു കാലത്താണ് സി.വി. രാമൻപിള്ള ജീവിച്ചത്. തന്റെ ആദ്യ ചരിത്രഖ്യായികയ്ക്കു പ്രസാധകനെ കണ്ടെത്തുവാൻ സി.വി.ക്കു കഴിയാത്തതുകൊണ്ടു മാത്രമാണു മലയാള സാഹിത്യ ചരിത്രത്തിൽ ആദ്യ നോവലിസ്റ്റ് എന്ന സ്ഥാനം സി.വി.യ്ക്കു നഷ്ടമായത് - അടൂർ പറഞ്ഞു.
മലയാള സാഹിത്യത്തിൽ താരതമ്യമില്ലാത്ത മഹാ സാഹിത്യകാരനാണ് സി.വി. രാമൻപിള്ള എന്ന് രാമൻപിള്ള ഫൗണ്ടേഷൻ പ്രസിഡന്റ് കൂടിയായ നോവലിസ്റ്റ് ഡോ. ജോർജ് ഓണക്കൂർ അഭിപ്രായപ്പെട്ടു. സി.വി.യുടെ പൗരാവകാശ പ്രക്ഷോഭങ്ങൾ എന്ന വിഷയത്തെക്കുറിച്ച ്സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. വി. കാർത്തികേയൻനായർ പ്രഭാഷണം നടത്തി.
സി.വി. കുടുംബാംഗങ്ങളായ ചെങ്കൽ സുകുമാരി സ്വാഗതവും ഡോ. രഘുറാം കെ.നായർ നന്ദി പറഞ്ഞു. ഫൗണ്ടേഷൻ സെക്രട്ടറി ഡോ. പി. വേണുഗോപാലൻ, ആർ. നന്ദകുമാർ, ശ്രീജ പ്രിയദർശനൻ എന്നിവരും വിദ്യാർഥികളും നോവൽ പാരായണം നടത്തി.