എലിവാലൻകോണത്തെ പന്നിഫാം പൂട്ടണമെന്ന ആവശ്യം ശക്തം
1417178
Thursday, April 18, 2024 6:31 AM IST
വെള്ളറട: ആര്യങ്കോട് പഞ്ചായത്തില്‍ പശുവണ്ണറ വാര്‍ഡില്‍ ഈരാറ്റിന്‍പുറം ഇക്കോ ടൂറിസം പദ്ധതിക്കു സമീപം ജനവാസ മേഖലയില്‍ എലിവാലന്കോണത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത പന്നിഫാം അടച്ചു പൂട്ടണമെന്ന് നാട്ടുകാര്‍.
പന്നിഫാമിന്റെ മറവില്‍ വന്‍തോതില്‍ നഗരമാലിന്യം ഇവിടെ എത്തിക്കുന്നതായും ഇതുമൂലം ദുര്‍ഗന്ധവും ഈച്ച -കൊതുകുശല്യവും തെരുവുനായ ശല്യവും ഉണ്ടാകുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. നായ്ക്കളുടെ ആക്രമണംമൂലം പ്രദേശവാസികൾക്ക് വഴി നടക്കാൻ സാധിക്കാത്ത അവസ്ഥയാണ്. മഴക്കാലത്ത് മാലിന്യം തോടുകളിലൂടെ നെയ്യാറിലേക്കും കുടിവെള്ള സ്രോതസുകളിലേക്കും ഒഴുകിയിറങ്ങുന്നതും പതിവാണ്.
ഫാം പൂട്ടണമെന്നും മാലിന്യം നീക്കം ചെയ്യാൻ നടപടിവേണമെന്നുമാവശ്യപ്പെട്ടു നാട്ടുകാര്‍ മുഖ്യമന്ത്രിക്കും, ജില്ലാ കളക്ടര്‍ക്കും, ആരോഗ്യ വകുപ്പ് ഡിഎം ഒ, ആര്യങ്കോട് പഞ്ചായത്ത് എന്നിവിടങ്ങളിലും പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടാ യില്ല. ഇതിനിടെ ഫാം നടത്തിപ്പുകാരും ഭൂവുടമകളും നാട്ടുകാരെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.
പന്നിഫാം മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതായും പരാതിയുണ്ട്. അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
ഇതു സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡിനു നല്കിയ പരാതിയെത്തുടര്‍ന്ന് ഫാം പ്രവർത്തിക്കുന്നത് അനധികൃതമായാണെന്നും മാലിന്യ നിർമാർജന സംവിധാനങ്ങളില്ലാത്തതിനാൽ പക്ഷികള്‍ മാലിന്യം കൊത്തിയെടുത്ത് കുടിവെള്ള സ്രോതസുകളില്‍ ഇടുന്നതായും കണ്ടെത്തിയിരുന്നു.
പന്നിയുടെ വിസർജ്യം തുറസായ സ്ഥലത്ത് നിക്ഷേപിക്കുന്നതായും എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ കണ്ടെത്തി. ഫാം പൂട്ടാനും പ്രദേശത്തെ മാലിന്യം നീക്കം ചെയ്യാനും നിർദേശിച്ച് ആര്യങ്കോട് പഞ്ചായത്ത് സെക്രട്ടറിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഒരു മാസം മുന്‍പ് തന്നെ നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഫാമിനെതിരെ നടപടി സ്വീകരിക്കാന്‍ പഞ്ചായത്തികൃതര് തയാറാകുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.