കെഎസ്ആർടിസി ബസിൽ മോഷണം: യുവതി അറസ്റ്റിൽ
1416946
Wednesday, April 17, 2024 6:14 AM IST
പേരൂര്‍ക്കട: ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ പഴ്സ് കവര്‍ന്ന യുവതിയെ പോലീസ് പിടികൂടി. തമിഴ്നാട് മധുര മീനാക്ഷി കോവില്‍ തെരുവില്‍ താമസിക്കുന്ന മഞ്ജു (27) ആണ് പിടിയിലായത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. കാരയ്ക്കാമണ്ഡപത്തു നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന കാരയ്ക്കാമണ്ഡപം സ്വദേശി അമലയുടെ പഴ്സാണ് മോഷ്ടിക്കപ്പെട്ടത്. പഴ്സിനുള്ളില്‍ 1500 രൂപയാണ് ഉണ്ടായിരുന്നത്.
മോഷണത്തിനുശേഷം കരമനയിലെ ഒരു സ്വകാര്യാശുപത്രിക്കു മുന്നില്‍ ബസിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച മഞ്ജുവിനെ യാത്രക്കാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കരമന സിഐ ദിനേഷ്, എസ്ഐ ശ്രീജിത്ത്, സിപിഒ ജോയി എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.