അനന്തസൗന്ദര്യത്തിന്റെ പുനർസൃഷ്ടിയുമായി ടോമിന
1416578
Tuesday, April 16, 2024 12:11 AM IST
തിരുവനന്തപുരം: ലോക ചിത്രകലാസ്വാദകർക്കു ഇന്നും അളന്നെടുക്കുവാൻ കഴിയാത്ത സൗന്ദര്യത്തിന്റെ അഗാധതയാണ്; പ്രഹേളികയാണ് ഡാവിഞ്ചിയുടെ മോണലിസ. 1503നും 1506നും ഇടയ്ക്കു ഇറ്റാലിയൻ ചിത്രകാരൻ ലിയോർണാഡോ ഡാവിഞ്ചി വരച്ചു എന്ന് കരുതപ്പെടുന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമായ മോണലിസയെ പുനരാവിഷ്കരിക്കുന്പോൾ ചിത്രകാരി ടോമിന മേരി ജോസ് അനുഭവിച്ച ആത്മനിർവൃതിയും അളക്കുക അസാധ്യം. 1452 ഏപ്രിൽ 15നു ജനിച്ച ലിയോണാർഡോ ഡാവിഞ്ചി എന്ന വിശ്വചിത്രകാരന്റെ ആരാധികയായ ടോമിന, ഡാവിഞ്ചിയുടെ പിറന്നാൾ ദിനത്തിൽ തന്നെ മോണലിസയെ തലസ്ഥാന നഗരത്തിലെ ചിത്രകലാസ്വാദകർക്കു സമർപ്പിക്കുന്നത്.
ഡാവിഞ്ചിയുടെ ഇതിഹാസ പെയിന്റുകൾ മാത്രമല്ല റാഫേലും ബോട്ടിസെല്ലിയും റെബ്രാന്റും ഉൾപ്പെടെയുള്ള ലോക പ്രശസ്ത യൂറോപ്യൻ ചിത്രകാര·ാരുടെ പെയിന്റിംഗുകളുടെ പുനർസൃഷ്ടിയുടെ പ്രദർശനം എ സ്റ്റഡി ഓഫ് ഗ്രേറ്റ് ആർട്ടിസ്റ്റ്സ് ഇന്നലെ ആരംഭിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കേരള ലളിതകല അക്കാഡമി ആർട്ട് ഗാലറിയിലാണ് പ്രദർശനം.
ചിത്രകലയിലെ ഇതിഹാസങ്ങളുടെ പെയിന്റിംഗുകൾ പുനരാവിഷ്കരിക്കുന്പോൾ ചിത്രകലയുടെ അറിയാദൂരങ്ങളിലൂടെ സഞ്ചരിക്കുകയാണ് ടോമിന മേരി ജോസ്. കഴിഞ്ഞ 25 വർഷങ്ങളായി പുനർസൃഷ്ടിയുടെ സപര്യയിലാണ് ടോമിന. പ്രശസ്ത ചിത്രകാരനായ ബി.ഡി. ദത്തന്റെ ശിഷ്യരുടെ കൂട്ടായ്മയായ ദത്തത്തിലെ ചിത്രകാരി കൂടിയാണ് ടോമിന.
ചിത്രകലാ മാന്ത്രികരുടെ ഇതിഹാസ ചിത്രങ്ങളിലൂടെയുള്ള സഞ്ചാരം തന്നിലെ ചിത്രകാരിക്കു ലഭിച്ച പഠനവഴികളാണ് എന്ന് ടോമിന മേരി ജോസ്. വർണങ്ങളിലൂടെയുള്ള യാത്രയ്ക്കിടയിൽ നൂതനമായ കളർ ടോണുകളിൽ എത്തിപ്പെടുകയായിരുന്നു.
മലയാള ചിത്രകലാസ്വാദകരിൽ പലർക്കും കേട്ടുകേൾവി മാത്രമുള്ള ഡച്ച് പെയിന്ററായ റെബ്രാന്റ വാങ്ങ്റേയ്ൻ. പിന്നെ ഓസ്ട്രിയൻ ചിത്രകാരൻ ഗുസ്താവ് ക്ലിംറ്റ്, ഫ്രഞ്ച് ചിത്രകാരനായ അഡോൾഫ് ബോഗുറേ, ഇറ്റാലിയൻ പെയിന്റർ റാഫേൽ തുടങ്ങിയവരുടെ വിശ്വോത്തര സൃഷ്ടികളാണ് കാഴ്ചക്കാർക്ക് വിസ്മയമാകുന്നത്. പല പെയിന്റിംഗുകൾക്കും പറയുവാൻ ഏറെ കഥകളുമുണ്ട്. ഗുസ്താവ് ക്ലിംറ്റിന്റെ മോണലിസ ഓഫ് ഓസ്ട്രിയയുടെ പെയിന്റിംഗ് അതിമനോഹരം. ഓസ്ട്രിയൻ സുന്ദരി ചിത്രത്തിൽ തഞ്ചാവൂർ കല്ല് പതിപ്പിച്ചിട്ടുണ്ട് ചിത്രകാരി.
നാസിക്കാർ അപഹരിച്ചുകൊണ്ട് പോയ ഒറിജിനൽ പെയിന്റിംഗ് കണ്ടെടുത്തത് ഒരു നൂറ്റാണ്ടിനു ശേഷമാണ് എന്നത് മറ്റൊരു ചരിത്രം. റെബ്രാന്റ് വരച്ച നീരാടുന്ന സുന്ദരി ചിത്രവും (എ വുമണ് ബാത്തിംഗ് ഇൻ എ സ്ട്രീം) ബോഗുറേയുടെ പാടുന്ന മാലാഖമാരുടെ പെയിന്റിംഗും കാഴ്ചക്കാരെ മറ്റൊരു ലോകത്തെത്തിക്കുന്നു. ഡാവിഞ്ചിയുടെ തന്നെ വെർജിൻ ഓഫ് ദ റോക്ക് എന്ന പെയിന്റിംഗും സൂക്ഷ്മതയാർന്ന സൃഷ്ടിയാണ്. സാൻട്രോ ബോട്ടിസെല്ലിയുടെ മാതാവിന്റെ പെയിന്റിംഗുകളും വിശുദ്ധതയാർന്ന ഒരു അനുഭവം പകരുന്നു. യൂറോപ്യൻ ചിത്രകാര·ാരുടെ ഇരുപത്തി രണ്ട് പെയിന്റിംഗുകളാണ് ടോമിന പുനർസൃഷ്ടിച്ചിരിക്കുന്നത്.
പെയിന്റിംഗ് പ്രദർശനത്തിന്റെ ഉദ്ഘാടനം ചിത്രകാരൻ ബി.ഡി. ദത്തൻ നിർവഹിച്ചു. ചിത്രകാരൻ നേമം പുഷ്പരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കലാനിരൂപകൻ സി.ഇ. സുനിൽ ആശംസാപ്രസംഗം നടത്തി. പ്രദർശനം ഈ മാസം 24 വരെ നീളും. രാവിലെ പതിനൊന്നു മുതൽ വൈകിട്ട് ഏഴുവരെയാണ് സമയം.
സ്വന്തം ലേഖിക