അന്പലമുക്ക് വിനീത കൊലക്കേസ്: കേസിൽ കുറ്റപത്രം വായിച്ചു
1416577
Tuesday, April 16, 2024 12:11 AM IST
തിരുവനന്തപുരം: പേരൂർക്കട അന്പലമുക്കിലെ അലങ്കാരച്ചെടി വിൽപനശാലയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണത്ത് വീട്ടിൽ വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെയുള്ള കുറ്റപത്രം വായിച്ചു. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറിൽ രാജേന്ദ്രനാണ് (38) കേസിലെ ഏക പ്രതി.
കുറ്റപത്ര പ്രകാരം കൊലപാതകം, മരണം ഉണ്ടാക്കിയുള്ള കവർച്ച, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകളാണ് പ്രതിയുടെ മേൽ ചുമത്തിയിട്ടുള്ളത്. പ്രതി കുറ്റം നിഷേധിച്ചതിനെ തുടർന്ന് വിചാരണ തീയതി നിശ്ചയിക്കുന്നതിനായി കേസ് വീണ്ടും മേയ് രണ്ടിന് പരിഗണിക്കും. കേസിൽ പോലീസ് ചേർക്കാൻ വിട്ടു പോയ കുറ്റം കൂടി ചേർക്കണെന്ന സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദീന്റെ ആവശ്യം കോടതി അംഗീകരിച്ചു.
കൊലപാതകം ചെയ്യുന്നതിനായി പ്രതി വിനീതമോൾ ജോലി ചെയ്തിരുന്ന ’ടാബ്സ് അഗ്രി ക്ലിനിക്’ നേഴ്സറിയിലേക്ക് അതിക്രമിച്ചു കടന്നു എന്ന കുറ്റമാണ് പോലീസ് കുറ്റപത്രത്തിൽ ചേർക്കാൻ വിട്ടു പോയത്. ഇത് ശ്രദ്ധയിൽപ്പെട്ട പ്രോസിക്യൂഷൻ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തടുർന്ന് ഇതു കൂടി കുറ്റപത്രത്തിൽ കൂട്ടി ചേർക്കുകയായിരുന്നു.
തമിഴ്നാട് സ്വദേശിയായ പ്രതിക്ക് വിചാരണ നടപടികൾ മനസിലാക്കാൻ ദ്വിഭാഷിയെ കോടതി നിയമിച്ചിരുന്നു തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പ്രസൂണ്‍ മോഹൻ മുന്‍പാകെയാണ് കുറ്റം വായിച്ചു കേൾപ്പിച്ചത്. 2022 ഫെബ്രുവരി ആറിനായിരുന്നു തിരുവനന്തപുരം നഗരത്തെ നടുക്കിയ സംഭവം.
കടുത്ത ലോക് ഡൗണ്‍ നിയന്ത്രണങ്ങൾ ഉള്ളപ്പോഴാണ് രാജേന്ദ്രൻ പട്ടാപ്പകൽ വനിതയെ നഗരഹൃദയത്തിൽ വച്ചു വെട്ടിക്കൊലപ്പെടുത്തിയത്. വിനിതയുടെ സ്വർണമാല കവർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു കൊലപാതകം. അന്പലമുക്ക് കുറവൻകോണം റോഡിലെ ’ടാബ്സ് അഗ്രി ക്ലിനിക്’ എന്ന സ്ഥാപനത്തിൽ ചെടികൾക്ക് വെള്ളം ഒഴിക്കാൻ എത്തിയ വിനീതയെ തമിഴ്നാട്ടിൽനിന്നും പേരൂർക്കടയിലെ ടീ സ്റ്റാൾ ജീവനക്കാരനായിരുന്ന രാജേന്ദ്രൻ ചെടി വാങ്ങാനെന്ന വ്യാജേനയെത്തി കൊലപ്പെടുത്തുകയായിരുന്നു.
രണ്ടുവർഷം മുന്‍പ് ഹൃദ്രോഗ ബാധിതതിനായി ഭർത്താവ് മരിച്ച വിനിത കൃത്യത്തിന് ഒന്‍പത് മാസം മുന്‍പാണ് ഈ സ്ഥാപനത്തിൽ ജോലിക്കെത്തിയത്. വിനീതയെ കൊലപ്പെടുത്തിയ ശേഷം സ്വർണമാലയുമായി രക്ഷപ്പെട്ട ഇയാളെ ഫെബ്രുവരി 11 ന് തിരുനൽവേലിക്ക് സമീപമുള്ള കാവൽ കിണറിൽ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.