കത്തിനശിച്ച വീട് പുനര്‍നിര്‍മിച്ചില്ല നാട്ടുകാരുടെ കാരുണ്യത്തില്‍ മാര്‍ഗരറ്റ്
1416405
Sunday, April 14, 2024 6:36 AM IST
പേരൂര്‍ക്കട: കത്തിനശിച്ച വീട് പുനര്‍നിര്‍മിക്കാത്തതിനെ തുടര്‍ന്ന് മാര്‍ഗരറ്റ് കഴിയുന്നത് നാട്ടുകാരുടെ കാരുണ്യത്തില്‍. വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണം മൂന്നാംമൂട് സരസ്വതി ഭവനില്‍ രത്നാകരന്റെ ഭാര്യ മാര്‍ഗരറ്റ് (55) ആണ് വീടില്ലാത്ത അവസ്ഥയില്‍ മൂന്നുദിവസമായി കഴിഞ്ഞുവരുന്നത്. ദമ്പതികള്‍ താമസിച്ചുവന്ന വീട്ടില്‍ അടുക്കളയില്‍ നിന്നു തീ പടര്‍ന്ന് രണ്ടു മുറികളും മേല്‍ക്കൂരയും പൂര്‍ണമായി കത്തിനശിക്കുകയായിരുന്നു.
തലേദിവസം പാചകത്തിനുശേഷം തീക്കനല്‍ കിടന്നതാണ് തീപിടിത്തത്തിനു കാരണമായത്. രത്നാകരനും മാര്‍ഗരറ്റും മകനുമാണ് വീട്ടിലുണ്ടായിരുന്നത്. പുലര്‍ച്ചെയായിരുന്നു തീപിടിത്തം. സംഭവമറിഞ്ഞ് ഇവര്‍ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. മാര്‍ഗരറ്റ് വീട്ടുജോലിചെയ്തു ലഭിക്കുന്ന വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.
ഭര്‍ത്താവ് ഹൃദയസംബന്ധമായ അസുഖമുള്ളയാളാണ്. വീട് കത്തിനശിച്ചതോടെ നാട്ടുകാരുടെ സഹായം കൊണ്ടാണ് മാര്‍ഗരറ്റ് കഴിഞ്ഞുവരുന്നത്. വീടിന്റെ ശേഷിക്കുന്ന ഒരു മുറിയിലാണ് ഇപ്പോള്‍ കുടുംബം കഴിയുന്നത്. സാമ്പത്തിക സഹായം നാട്ടുകാര്‍ ചേര്‍ന്നാണ് ഇവര്‍ക്ക് നല്‍കിവരുന്നത്.
വിവരമറിഞ്ഞ് വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ റാണി വിക്രമന് സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി. നഗരസഭാ അധികാരികള്‍ സ്ഥലത്തെത്തി നാശനഷ്ടം തിട്ടപ്പെടുത്തിയെങ്കിലും തുടര്‍നടപടികള്‍ ആയിട്ടില്ല.