പ്രതീക്ഷയുടെ കണിയൊരുക്കി വീണ്ടുമൊരു വിഷുക്കാലം
1416401
Sunday, April 14, 2024 6:28 AM IST
തിരുവല്ലം: മനസില്‍ പ്രതീക്ഷയും സന്തോഷവും സംതൃപ്തിയും നല്കി വീണ്ടും ഒരു വിഷുകാലം വരവായി. മലയാളിയുടെ മഹോത്സവമാണ് വിഷു. കാര്‍ഷിക വിളവെടുപ്പിന്റെ സമൃദ്ധിയും കൃഷിയിറക്കലിന്റെ സംതൃപ്തിയും നല്കുന്ന കാര്‍ഷികോത്സവം.
ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്ന വിഷു കാര്‍ഷികോത്സവം തന്നെയാണ്. ബീഹാറില്‍ ബിഹുയെന്നും പഞ്ചാബില്‍ വൈശാഖിയെന്നും അറിയപ്പെടുന്നു. ഓണം വിളവെടുപ്പ് ഉത്സവമെങ്കില്‍ വിഷു വിളവിറക്കലിന്റെ ഉത്സവമാണ്.
മീനചൂടില് വരണ്ട് ഉണങ്ങികിടക്കുന്ന ഭൂമിയില്‍ വേനല്‍ മഴ എത്തുന്നതോടെ കര്‍ഷകര്‍ വിളവിറക്കലിന് തയാറെടുക്കുന്നു. വിളവെടുപ്പ് സമയത്ത് കരുതിവയ്ക്കുന്ന വിത്താണ് കൃഷിയിറക്കാന്‍ ഉപയോഗിക്കുന്നത്. അങ്ങനെ ഒരു വര്‍ഷത്തെ ഉര്‍വരത അറിയിക്കുന്ന ആഘോഷവുമായി വിഷുവന്നണയുന്നു.
വിഷു ആഘോഷങ്ങൾക്ക് ആര്യ-ദ്രാവിഡ കാലഘട്ടത്തോളം പഴക്കമുള്ളതായി പഴമക്കാര്‍ പറയുന്നു. വിഷുവെന്നാല്‍ തുല്ല്യമായ എന്നാണര്‍ഥം. രാത്രിയും പകലും തുല്ല്യമായ ദിനം. സൂര്യന് ഭുമധ്യരേഖയ്ക്ക് നേരെ മുകളില്‍ വരുന്ന ദിവസം വിഷുവെന്നും വിഷുവബിന്ദുവിനെ മാറിക്കടക്കുന്ന ദിനം സംക്രമം എന്നും അറിയപ്പെടുന്നു. സംക്രമത്തിനു ശേഷം ഉച്ചരാശിയില്‍ ഉദിക്കുന്ന ആദ്യത്തെ സൂര്യകിരണം പതിക്കുന്നയിടം കനകവര്ണമാകുമെന്നാണ് വിശ്വാസം. കര്ണികാരത്തിന് (കൊന്നപ്പുക്കള്‍) സ്വര്‍ണനിറം ലഭ്യമായതും അങ്ങനെയാണത്രെ. അങ്ങനെ സൂര്യന് മീനരാശിയില്നിന്നും മേടരാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് മേടമാസത്തില്‍ വിഷുവായി ആഘോഷിക്കുന്നത്.
വിഷുവിന് പ്രധാനം വിഷുക്കണിതന്നെയാണ്. വിഷുവിന് തലേന്ന് സ്ത്രികളാണ് വിഷുക്കണിയൊരുക്കുന്നത്. തറയില്‍ അരിചാന്ത് ഉപയോഗിച്ച് കളമിട്ടാണ് കണിയൊരുക്കുന്നത്. സമൃദ്ധിയുടെ പ്രതീകാന്മകമായ പ്രദര്‍ശനം തന്നെയാണ് വിഷുക്കണി.
ഓട്ടുരുളിയില്‍ അരിയും കോടിയും നിരത്തി കണിവെള്ളരി, കണികൊന്ന പൂവ്, വെറ്റില, സ്വര്‍ണം, നാണയം, പുരാണ ഗ്രന്ധങ്ങള്‍, ശ്രീകൃഷ്ണ വിഗ്രഹം, വാല്‍കണ്ണാടി, ചക്ക, മാങ്ങ, തുടങ്ങീ വിവിധയിനം ഫല വര്‍ഗങ്ങള്‍ കണി വയ്ക്കുന്നു. ഒപ്പം ഇരുവശങ്ങളിലായി കത്തിച്ച നിലവിളക്കും. കണിയൊരുക്കിയ ശേഷം പുലര്‍ച്ചെയാണ് കണികാണല്‍ ചടങ്ങ്.
തറവാട്ടിലെ മുതിര്‍ന്നവര്‍ ആദ്യം കണികണ്ടശേഷം കുട്ടികളെ വിളിച്ചുണര്‍ത്തി മറ്റൊന്നും ദര്‍ശിക്കാതെ കണികാണിക്കുന്നു.
ഇതിന്റെ ഫലം വര്‍ഷം മുഴുവന്‍ നിലനില്‍ക്കുമെന്നാണ് സങ്കല്‍പ്പം.കണികണ്ടശേഷം തറവാട്ടിലെ കാരണവര്‍ കുടുംബത്തിലെ എല്ലാവര്ക്കും വിഷുകൈനീട്ടം നല്‍കും. അതിനാല്‍ കൈനിറയും കാലംകൂടിയാണ് വിഷു.
വിഷുവിന് കണികണ്ട ശേഷം കുളികഴിഞ്ഞ് അമ്പലങ്ങളില്‍ ദര്‍ശനം നടത്തുക പതിവാണ്. വിഷുവിന് സദ്ധ്യക്കും പ്രാധാന്യമുണ്ട്. വിഷുവിന് മാത്രമായി പച്ചരി ചേര്‍ത്തുണ്ടാക്കുന്ന വിഷുക്കട്ട പ്രധാന വിഭവങ്ങളില്‍ ഒന്നാണ്.
പഴയകാലത്തെ കീഴ്വഴക്കങ്ങൾക്ക് കോട്ടംതട്ടാതെ ഇപ്പോഴും വിഷു ആഘോഷിക്കുന്നുണ്ട്. എന്നാല്‍ കൂട്ടുകുടുംബ വ്യവസ്ഥ മാറി അണുകുടുംബങ്ങളായതോടെ വിഷു ഒരു ചടങ്ങ് മാത്രമായി മാറി.
മനസില്‍ പഴയ നല്ലകാലത്തിന്റെ ഗ്രഹാതുരതയോടെ മണ്ണിലും വിണ്ണിലും വര്‍ണങ്ങള്‍ വാരിവിതറി മലയാളികള്‍ വിഷു അഘോഷിക്കുകയാണ്. ഒപ്പം കുടുംബത്തിലെ അംഗങ്ങള്‍ തമ്മിലുളള ഒത്തുചേരലിനും വിഷു സാക്ഷൃം വഹിക്കുന്നു.