മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; ഒരാൾക്കു വെട്ടേറ്റു
1416398
Sunday, April 14, 2024 6:28 AM IST
തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ആക്രമണത്തിൽ ഒരാൾക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ കാര്യവട്ടം അയ്യപ്പസ്വാമി ക്ഷേത്രത്തിനു സമീപം സർഗത്തിൽ ധനു കൃഷ്ണയെ (32) മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഇൻസ്റ്റഗ്രാം റീൽസ് എടുക്കുന്നതിനിടെയുണ്ടായ തർക്കത്തിലാണ് ധനുകൃഷ്ണയുടെ കഴുത്തിനു വെട്ടേറ്റത്. ഞരന്പ് മുറിഞ്ഞ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയശേഷം തീവ്രപരിചരണ വിഭാഗത്തിലുള്ള ധനുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
സംഭവത്തിൽ വട്ടിയൂർക്കാവ് മൂന്നാംമൂട് സ്വദേശിതിരുമല അണ്ണൂർ മഠത്തിൽ ലൈൻ സങ്കീർത്തനം വീട്ടിൽ ഷെമീർ (23), മലയിൻകീഴ് സ്വദേശി അഖിൽ (22), തിരുമല തേലിഭാഗം സ്വദേശിനിയായ 17കാരി എന്നിവരെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളി രാത്രി 11.45 ഓടെയായിരുന്നു സംഭവം. റീൽസിന്റെ ചിത്രീകരണത്തിനായാണ് ധനു കൃഷ്ണയും ഇയാളുടെ ബന്ധു ഗോകുൽശേഖറും സുഹൃത്തും ചെന്പഴന്തി സ്വദേശിയുമായ നിധിനും ഇയാളുടെ സഹോദരി യും ചേർന്ന് മാനവീയം വീഥിയിലെത്തിയത്. റീൽസ് ചിത്രീകരണത്തിനിടെ ഷെമീറും ഒപ്പമുള്ള രണ്ടുപേരും നിധിന്റെ സഹോദരിയോട് അപരമര്യാദയായി പെരുമാറി.
ഇതു ചോദ്യം ചെയ്ത ഗോകുലിന്റെ കൈയിൽ ഷെമീർ വെട്ടുകത്തിയുടെ മൂർച്ചയില്ലാത്ത ഭാഗം കൊണ്ട് അടിച്ചു. ഇതു തടയാൻ ശ്രമിച്ചപ്പോഴാണ് ധനു കൃഷ്ണയുടെ കഴുത്തിൽ ഷെ മീർ വെട്ടിയത്. ഈ സമയം അഖിലും 17 കാരിയും ചീത്തവിളിച്ചതായി പറയുന്നു.
മാനവീയം വീഥിയിൽ പോലീസ് ഉണ്ടായിരുന്നെങ്കിലും അതിനുനേരെ എതിർവശത്തായിരുന്നു സംഭവം നടന്നത്. ബഹളം കേട്ട് പോലീസ് എത്തിയതോടെ പ്രതികൾ ഓടിരക്ഷപ്പെടാൻ ശ്രമം നടത്തി. ഇതിനിടെ ഷെമീറിനെയും 17കാരിയെയും സ്ഥലത്തുണ്ടായിരുന്നവരുടെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു.
അഖിൽ ഇന്നലെ രാവിലെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഷെമീറിനെയും അഖിനെയും കേസിൽ പ്രതിയാക്കി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് 17 കാരിയുടെ പങ്ക് വ്യക്തമായ ശേഷം പെണ്കുട്ടിയെ ആവശ്യമെങ്കിൽ പ്രതിചേർക്കാമെന്നാണ് പോലീസ് തീരുമാനം.