ബാലരാമപുരം - കളിയിക്കാവിള പാത വികസനം ഇഴയുന്നതായി പരാതി
1416200
Saturday, April 13, 2024 6:23 AM IST
നെയ്യാറ്റിന്‍കര : ഈ ലോകസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലെങ്കിലും കരമന- കളിയിക്കാവിള പാതയിലെ ബാലരാമപുരം മുതലുള്ള ഭാഗം വികസിപ്പിക്കാന്‍ ഭരണാധികാരികള്‍ തയാറാകുമോ എന്ന് യാത്രക്കാര്‍ ചോദിക്കുന്നു. നിലവില്‍ പാത വികസനം ബാലരാമപുരം വരെയേ സാധ്യമായിട്ടുള്ളൂ. തുടര്‍ന്നുള്ള നടപടികള്‍ അനിശ്ചിതമായി നീളുകയാണെന്ന ആക്ഷേപം വ്യാപകമായി ഉയരുന്നു.
പാത വികസനമില്ലാത്തതിന്റെ യാതന അനുഭവിക്കേണ്ടി വരുന്നത് ദിവസവും ഈ പാതയിലൂടെ കടന്നു പോകുന്ന യാത്രക്കാരാണ്. ബാലരാമപുരം ജംഗ്ഷനില്‍ പലപ്പോഴും മണിക്കൂറുകളോളം വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത് പതിവു കാഴ്ചയായി തുടരുന്നു.
പോലീസിന്റെയും ഹോം ഗാര്‍ഡിന്റെയും സേവനം ലഭ്യമാണെങ്കിലും ഒന്നിനു പിറകെ ഒന്നായി വാഹനങ്ങള്‍ വരികയും അവയ്ക്കെല്ലാം സുഗമമായി സഞ്ചരിക്കാനുള്ള സ്ഥലപരിമിതി നിലനില്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവരും മിക്കവാറും നിസഹായരാകുന്നു എന്നതാണ് വാസ്തവം. പൊരിവെയിലത്തും പെരുമഴയത്തും ഈ അവസ്ഥയ്ക്ക് മാറ്റമില്ല.
ബാലരാമപുരം ജംഗ്ഷന് മാത്രമല്ല നെയ്യാറ്റിന്കരയിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ തൊട്ടടുത്ത ജംഗ്ഷനായ വഴിമുക്കിലും ആറാലുംമൂടിലും ആലുംമൂട് ജംഗ്ഷനിലുമൊക്കെ ഗതാഗതക്കുരുക്ക് നിത്യമാണെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വഴിമുക്കിലും ഹോംഗാര്‍ഡിന്റെ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കരമന- കളിയിക്കാവിള പാതയിലേയ്ക്ക് കാഞ്ഞിരംകുളം റോഡ് വന്നു ചേരുന്നയിടം വഴിമുക്കാണ്. ഈ പരിസരത്ത് നാലു കല്യാണമണ്ഡപങ്ങളുണ്ട്. ഇവിടങ്ങളിലെ വിശേഷാല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ വരുന്നവരുടെ വലുതും ചെറുതുമായ വാഹനങ്ങളുടെ പാര്‍ക്കിംഗ് ചിലപ്പോള്‍ ഓഡിറ്റോറിയങ്ങളിലേക്ക് പുറത്തേയ്ക്ക് നീളും.
പൊതുവേ വീതി കുറഞ്ഞ പാതയായതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗതാഗതം താളം തെറ്റാറുണ്ട്. ആലുംമൂട് ജംഗ്ഷന് വര്‍ഷങ്ങളായി ഗതാഗതക്കുരുക്കിന് പേരുകേട്ട പ്രദേശമാണ്. ഇവിടെയും പോലീസിന്റെയും ഹോംഗാര്‍ഡിന്റെയും സേവനമുണ്ട്.
പാതകള്‍ പഴയതുപോലെ തുടരുകയും വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്പോള്‍ ഗതാഗതക്കുരുക്ക് സ്വാഭാവികം. ആംബുലന്‍സുകള്‍ പോലും ഈ കുരുക്കില്‍ വലയുന്നത് പുത്തരിയല്ല.
സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും പാതകളില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കാറുണ്ട്. അഞ്ചു വര്ഷത്തിലൊരിക്കലാണല്ലോ ഈ പരിപാടികളെന്ന ആശ്വാസത്തില്‍ യാത്രക്കാര്‍ അതിനോട് പൊരുത്തപ്പെടുന്നു. അതേ സമയം, ഇക്കുറി പാത വികസനവും തെരഞ്ഞെടുപ്പില്‍ ചില വോട്ടര്‍മാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ട്.
അടിയന്തരമായി അധികൃതര്‍ പാത വികസനം സംബന്ധിച്ച സത്വര നടപടി സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.