ജൈവ കൃഷിയിൽ നൂറുമേനിയുമായി ദമ്പതികൾ
1415989
Friday, April 12, 2024 6:20 AM IST
നെടുമങ്ങാട് : അരുവിക്കര മുള്ളിലവിൻമൂട് ജംഗ്ഷനടുത്ത് നന്ദാ ഭവനിൽ താമസിക്കുന്ന വീട്ടമ്മയായ ഡി.വിജയവും ഭർത്താവ് ഭാസ്കരൻ നായരും ജൈവകൃഷിയിൽ നൂറു മേനിയുടെ നിറവിലാണ്. സ്വന്തമായുള്ള 15 സെന്റ് സ്ഥലത്ത് തെങ്ങ്, കവുങ്ങ്, വാഴ, പ്ലാവ്, മാവ്, കുരുമുളക് എന്നിവ സമൃദ്ധമായി വളരുന്നുണ്ട്.
മട്ടുപ്പാവ് കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളൂർ പോങ്ങുംമൂട്ടിൽ രവീന്ദ്രന്റെ കൃഷി രീതികൾ കാണുകയും അദ്ദേഹത്തിന്റെ വീട്ടിൽ നടത്തുന്ന ആത്മ ട്രയിനിംഗ് സെന്ററിൽ ചേർന്ന് കൃഷി പഠിക്കുകയും ചെയ്തു. ഈ അറിവുകൾ വച്ചുള്ള പച്ചക്കറി കൃഷി സ്വന്തം വീട്ടുവളപ്പിലുള്ള സ്ഥലത്തും മട്ടുപാവിലും വിജയകരമായി ചെയ്യുകയാണ് ഇവർ .
വീട്ടിൽ തന്നെ സ്വന്തമായി തയ്യാറാക്കുന്ന പഞ്ചഗവ്യം ഫിഷ് അമിനോസ്, മുട്ട മിശ്രീതം എന്നീ വളക്കൂട്ടുകൾ പച്ചക്കറി കൃഷിക്ക് വളരെയേറെ ഗുണം ചെയ്യുന്നു.
മട്ടുപാവിൽ പാഷൻ ഫ്രൂട്ട് ശാസ്ത്രീയമായി വളർത്തുന്നതിനാൽ വീടിനകത്തെ ചൂടും ചെടികൾക്ക് ചെറിയ തണലും ഒപ്പം ധാരാളം കായ്ഫലവും ലഭിക്കുന്നു. കൂടാതെ വെണ്ട, തക്കാളി, ചെറി, കത്തിരി, വഴുതന, വേങ്ങേരി വഴുതന, കോവയ്ക്ക, പയർ, പലയിനം മുളകുകൾ, സാലഡ് വെള്ളരി തുടങ്ങിയവ നല്ല ചിട്ടയോടെയും ശാസ്ത്രീയമായും കൃഷി ചെയ്യുന്നു.
മട്ടുപാവിലെ കൃഷിയിൽ നിന്നും കിട്ടുന്ന വിളവുകൾ വീട്ടിലെ ആവശ്യങ്ങൾക്കും കൂടാതെ മറ്റ് കുടുംബാംഗങ്ങൾക്കും കൊടുക്കുവാനും സാധിക്കുന്നതായി ഇവർ പറയുന്നു. 2022ൽ സംസ്ഥാന സർക്കാരിന്റെ മികച്ച മട്ടുപ്പാവ് കൃഷി കർഷകർക്കുള്ള പുരസ്കാരമുൾപ്പെടെ 34ഓളം അംഗീകാരങ്ങൾ ഈ ദമ്പതികളെ തേടിയെത്തി.