അടൂര്‍ പ്രകാശിന് വോട്ടഭ്യര്‍ഥിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ
1415982
Friday, April 12, 2024 6:20 AM IST
വെഞ്ഞാറമൂട് : അടൂര്‍ പ്രകാശിന് വോട്ടഭ്യര്‍ഥിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ ആറ്റിങ്ങലിൽ എത്തി. രാവിലെ 8.30ന് വെഞ്ഞാറമൂട്ടിലെത്തിയ അദ്ദേഹം ഭവന സന്ദർശനം നടത്തി വോട്ടർമാരെ നേരിൽക്കണ്ട് അടൂർ പ്രകാശിനു വേണ്ടി വോട്ട് അഭ്യർഥിച്ചു.
ആറ്റിങ്ങലിൽ അടൂര്‍ പ്രകാശ് നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ച ചാണ്ടി ഉമ്മൻ കേന്ദ്രത്തിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരും എന്നും പ്രതികരിച്ചു. ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ ദേശീയ തലത്തില്‍ സിപിഎമ്മിനു കരുത്തില്ലെന്നു പറഞ്ഞ ചാണ്ടി ഉമ്മൻ ബിജെപിയും സിപിഎമ്മും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ആരോപിച്ചു.
കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് എംപി മാർ പക്ഷപാതിത്വമില്ലാത്ത വികസനമാണ് നടപ്പാക്കിയത്. അതിന്റെ ഭാഗമായി ആറ്റിങ്ങിലും മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അടൂര്‍ പ്രകാശിനായി. അടൂര്‍ പ്രകാശിനെ നേരിട്ടറയാവുന്ന ആറ്റിങ്ങൽകാരോട് കൂടുതല്‍ കാര്യങ്ങള്‍ താന്‍ വിശദീകരിക്കേണ്ടതില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ ഇ. ഷംസുദ്ദീൻ, ഷാനവാസ് ആനക്കുഴി, ബിനു എസ് നായർ, കീഴായിക്കോണം അജയൻ, ഹരി നെല്ലനാട്, പള്ളിവിള ബഷീർ, കീഴായിക്കോണം സോമൻ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.