ആവേശം ചോരാതെ... ജനമനസിനൊപ്പം...
1415981
Friday, April 12, 2024 6:20 AM IST
ഉച്ചവരെ മാധ്യമങ്ങൾക്കൊപ്പം; ഉച്ചയ്ക്കു ശേഷം ഡോ. ശശിതരൂർ വോട്ടർമാർക്കിടയിലേക്ക്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിരക്കിനിടയിലും ഇന്നലെ ഉച്ചവരെ വിവിധ മാധ്യമങ്ങൾക്കുള്ള അഭിമുഖം നൽകിയശേഷം ഉച്ചകഴിഞ്ഞാണ് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രചാരണ പരിപാടികളിലേക്ക് കടന്നത്.
ഉച്ചകഴിഞ്ഞു ഡോ. ശശി തരൂർ ബാലരാമപുരത്തെ എച്ച്എൽഎല്ലിലെ തൊഴിലാളികളെ നേരിട്ട് കാണുകയും അവരോട് വോട്ടഭ്യർഥിക്കുകയും ചെയ്തു. ബാലരാമപുരത്തെത്തിയ ഡോ. ശശി തരൂരിന് ഐഎൻടിയുസി പ്രവർത്തകർ പ്രത്യേക സ്വീകരണം ഒരുക്കിയിരുന്നു.
ബാലരാമപുരത്തെ വോട്ടർമാരെ കണ്ടശേഷം പാളയം അയ്യങ്കാളി ഹാളിലേക്ക്. കഴിഞ്ഞ ദിവസം അന്തരിച്ച ചലചിത്ര നിർമാതാവ് ഗാന്ധിമ തി ബാലന്റെ ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിച്ചു.
തുടർന്ന് കോണ്‍ഗ്രസിൽനിന്നു പിരിഞ്ഞു പോയ ഫ്രാൻസിസ് ആൽബർട്ട് എന്ന ബിജെപി ജില്ലാ കമ്മിറ്റി മുൻ അംഗത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽവച്ച് കോണ്‍ഗ്രസിലേക്ക് തിരികെ സ്വീകരിച്ചു. കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. തുടർന്നു വീണ്ടും സ്വീകരണ ചടങ്ങുകളിലേക്ക്.
പാറശാലയിൽ പന്ന്യൻ രവീന്ദ്രന് ഉജ്ജ്വല സ്വീകരണം
തിരുവനന്തപുരം: ഇടതുമുന്നണി സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ പാറശാല മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടന പരിപാടിക്ക് ഉജ്വല തുടക്കം. രാവിലെ എട്ടിനു കൊല്ലയിൽ പഞ്ചായത്തിലെ ചെമ്മണ്ണുവിളയിൽ നിന്നാരംഭിച്ച പര്യടന പരിപാടി സി.കെ. ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നൂറു കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകന്പടിയോടെ സ്ഥാനാർഥിയെ വിവിധ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ആനയിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനാവലിയാണ് പന്ന്യൻ രവീന്ദ്രനെ കാത്തു നിന്നത്. വാദ്യമേളങ്ങളടക്കം സ്വീകരണത്തിനു കൊഴുപ്പേകി. 63 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി പാറശാലയിൽ സമാപിച്ചു. സി.കെ. ഹരീന്ദ്രനെ കൂടാതെ കള്ളിക്കാട് ഗോപൻ, വി. താണുപിള്ള തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.
ഗുരുവായൂർ ക്ഷേത്രദർശനം; ശേഷം പര്യടനവുമായി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തിരക്കിട്ട തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികൾക്ക് അരദിവസത്തെ ഇടവേള നൽകി എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ഇന്നലെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാവിലെ ക്ഷേത്രത്തിലെത്തി തൊഴുതു. തുടർന്ന് മമ്മിയൂർ ശിവക്ഷേത്രത്തിൽ ദർശനം നടത്തി.
വന്ദേ ഭാരത് ട്രെയിനിൽ ഉച്ചയോടെ തിരുവനന്തപുരത്തു മടങ്ങിയെത്തി തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയിൽ സജീവമായി. ഉച്ചകഴിഞ്ഞു മുൻ നിശ്ചയിച്ച പ്രകാരം കരിക്കകം ക്ഷേത്ര പരിസരത്തുനിന്നു റോഡ് ഷോയ്ക്കു തുടക്കമായി. പര്യടനം എഴുത്തുകാരിയും മുൻ വനിതാ കമ്മീഷൻ അംഗവും ബിജെപി വൈസ് പ്രസിഡന്റുമായ പ്രമീള ദേവി ഉദ്ഘാടനം ചെയ്തു.
വാഹന പര്യടനം കരിക്കകം, വിനായക് നഗർ, ചാരുമൂട്, ഒരു വാതിൽക്കോട്ട, വെണ്‍പാലവട്ടം, കുമാരപുരം, മെഡിക്കൽ കോളജ്, കൊച്ചുള്ളൂർ, പുലയനാർക്കോട്ട, ചെറുവയ്ക്കൽ തുടങ്ങി 59 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി സമാപിച്ചു.