നിയമനമില്ല: കുരിശ് ചുമന്ന് ഉദ്യോഗാർഥികൾ
1396654
Friday, March 1, 2024 5:50 AM IST
തിരുവനന്തപുരം: നിയമനം നൽകാത്തതിൽ പ്രതിഷേധിച്ച് പോലീസ് കോണ്‍സ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് (സിപിഒ) ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റു മുതൽ രക്തസാക്ഷി മണ്ഡപം വരെ മരകുരിശ് ചുമന്ന് പ്രതിഷേധിച്ചു. സർക്കാർ തങ്ങളെ കുരിശിലേറ്റിയെന്നതിന്റെ സൂചകമായാണ് കുരിശും ചുമന്നുള്ള പ്രതിഷേധമെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.
നിയമന വിഷയത്തിൽ സർക്കാർ ഇപ്പോഴും നിസംഗത തുടരുകയാണ്. ചർച്ചകൾക്ക് സർക്കാർ തയാറാകുന്നില്ല. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏപ്രിൽ മാസത്തോടെ അവസാനിക്കും. 2023 ൽ റാങ്ക് ലിസ്റ്റ് വന്നിട്ടും ഇതുവരെ നിയമനം നൽകാത്ത സർക്കാർ നടപടി ക്രൂരതയാണ്.
സാധാരണക്കാരായ ഉദ്യോഗാർഥികളുടെ ജീവിതാമാണ് ഇല്ലാതാകുന്നതെന്നും, നിയമനം നൽകുന്നതുവരെ സെക്രട്ടേറിയറ്റിനു മുന്നിൽ തുടർച്ചയായി സമരങ്ങൾ സംഘടിപ്പിക്കുമെന്നും ഉദ്യോഗാർഥികൾ അറിയിച്ചു.