സഞ്ചാരികൾക്ക് അപകട ഭീഷണിയായി വിഴിഞ്ഞം മതിപ്പുറം
1396345
Thursday, February 29, 2024 5:36 AM IST
വിഴിഞ്ഞം: തകർന്ന നടപ്പാതയും പ്രകാശിക്കാത്ത തെരുവ് വിളക്കുകളും തകർന്നടിഞ്ഞ സുരക്ഷാ വേലിയും സഞ്ചാരികളുടെ സുരക്ഷക്ക് ഭീഷണി ഉയർത്തുന്നതായി മാറിയിരിക്കുന്നു.
നിരവധി പരാതികൾ ലഭിച്ചിവെങ്കിലും അധികൃതർ കൃത്യമായി വിഷയത്തിൽ ഇടപെടുന്നില്ലെന്ന നാട്ടകാർ ആക്ഷേപം ഉയർത്തുന്നു. വിഴിഞ്ഞത്തിനും കോവളത്തിനുമിടയിലുള്ള പ്രകൃതി രമണിയമായ കടൽക്കരയാണ് മതിപ്പുറം.
വിശാലമായ രീതിയിൽ ഉൾക്കടൽ വരെ കാണാമെന്നതും കേരളത്തിന്റെ സ്വപ്ന പദ്ധതിയായ അന്താരാഷ്ട്രതുറമുഖ നിർമാണം തടസമില്ലാതെ വീക്ഷിക്കാമെന്നതുമാണ് ഇവിടത്തെ പ്രത്യേകത .
കൂടാതെ കപ്പലുകളുടെ ശേഷി പരിശോധിക്കുന്ന ബൊള്ളാർഡ് പുൾടെസ്റ്റിംഗ് കേന്ദ്രം , വിഴിഞ്ഞം തുറമുഖം എന്നിവയും മതിപ്പുറത്തിന്റെ പ്രത്യേകതയാണ്. തൊട്ടടുത്ത കോവളവും, കേന്ദ്ര സർക്കാർ സ്ഥാപനമായ മറൈൻ അക്വാറിയവും കാണാനെത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മതിപ്പുറം മാറിയതോടെ പ്രദേശത്ത് തിരക്കും വർദ്ധിച്ചു.
എന്നാൽ നടപ്പാത കഴിഞ്ഞാൽ ഏറെയും അപകടം പതിയിരിക്കുന്ന പാറക്കെട്ടുകളാണ്. പ്രദേശത്തെ അപകടം മനസിലാക്കാതെ പാറക്കെട്ടിൽ കയറിയ പലരും അപകടത്തിൽ മരണപ്പെട്ടതായും നാട്ടുകാർ പറയുന്നു.
പ്രദേശത്ത് അപകടങ്ങൾ വർദ്ധിച്ചതോടെ ബൊള്ളാർഡ് പുൾ ടെസ്റ്റിംഗ് കേന്ദ്രത്തിൽ നിന്ന് താഴെക്കുള്ള വഴി അധികൃതർ അടച്ചു. സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷങ്ങൾ മുടക്കി നടപ്പാത മോടിപിടിപ്പിച്ച് കുട്ടികളുടെ പാർക്ക് വരെ തയ്യാറാക്കി സുരക്ഷാവേലിയും നിർമിച്ചു. എന്നാൽ സംരക്ഷണയില്ലാതെ വന്നതോടെ എല്ലാം നശിക്കുകയാണ്.
വിനോദ സഞ്ചാരമേഖലക്കിണങ്ങുന്ന തരത്തിൽ സ്ഥാപിച്ച എല്ലാ ആഡംബര ലൈറ്റുകളും പ്രദേശത്ത് കണ്ണടച്ചു. നിലവിൽ തൊട്ടടുത്തെ ഹൈമാസ്റ്റ് ലൈറ്റിന്റെ വെട്ടത്തിലാണ് സഞ്ചാരികളുടെ നടത്തം.