ഗോവണി കയറുന്നതിനിടെ കാൽവഴുതി വീണു മരിച്ച നിലയിൽ കണ്ടെത്തി
1396182
Wednesday, February 28, 2024 10:47 PM IST
വെള്ളറട: രാത്രിയില്‍ ഉറങ്ങുന്നതിനുവേണ്ടി രണ്ടാം നില കയറവേ കാല്‍വഴുതിവീണ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണതോട്ടം നൗഫല്‍ മന്‍സില്‍ പൂക്കുഞ്ഞ്-സീമ ദമ്പതികളുടെ മകന് നൗഫലി (38) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വെല്‍ഡിംഗ് തൊഴിലാളിയായ നൗഫല്‍ ഒറ്റയ്ക്കാണ് താമസം. രാത്രിയിൽ ശക്തമായ ചൂടായിരുന്നതിനാൽ രണ്ടാം നിലയിലേക്ക് തലയണയുമായി പടികയറുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
പുലര്‍ച്ചെ ഫോണ്‍ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ നാട്ടുകാര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് നൗഫല്‍ മതില്‍ക്കെട്ടില്‍ തലയിടിച്ച് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ വെള്ളറട പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു കുറുപ്പ് സബ് ഇന്‍സ്പെക്ടര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയ ശേഷം വീടിന് കാവല്‍ ഏര്‍പ്പെടുത്തി. ഫോറന്‍സിക്ക് -ഫിംഗര്‍പ്രിന്റ് വിദഗ്ധരെയും അറിയിച്ചു.
ഇന്നലെ രാവിലെ 11 മണിയോടെ ഫോറന്‍സിക് വിദഗ്ധരും ഫിംഗര്‍ പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നൗഫലിന്റെ വീടിന് രണ്ടാം നിലയിലേക്ക് കയറുന്ന പാര്ശ്വഭാഗത്ത് കൈവരികൾ സ്ഥാപിച്ചിട്ടില്ല. ഗോവണി കയറുന്നതിനിടെ ഒരാഴ്ച മുമ്പും കാല് വഴുതി താഴെ വീണു നൗഫലിനു പരിക്കേറ്റിരിന്നു.