ഇന്ത്യൻ നാവികസേന പരിവർത്തനത്തിന്റെ പാതയിൽ: അഡ്മിറൽ ആർ. ഹരികുമാർ
1396150
Wednesday, February 28, 2024 6:00 AM IST
തിരുവനന്തപുരം: രാജ്യം പുരോഗമിക്കുന്പോൾ ഇന്ത്യൻ നാവികസേനയും പരിവർത്തനത്തിന്റെ പാതയിലാണെന്ന് അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു.
നേവി വെറ്ററൻസിനെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്പർശ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പാക്കി.
2047 ഓടെ ഇന്ത്യൻ നാവികസേനയെ ആത്മനിർഭറും ആധുനിക നാവികസേനയായി മാറ്റാനുള്ള പദ്ധതി നടപ്പിലാക്കി വരുന്നതായി അഡ്മിറൽ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ നമ്മുടെ രാജ്യത്ത് നിർമിച്ച 33 കപ്പലുകളും മുങ്ങിക്കപ്പലുകളും കമ്മീഷൻ ചെയ്തു.
നിർമാണ അനുമതി ലഭിച്ച 66 കപ്പലുകളിൽ 64 എണ്ണവും രാജ്യത്ത് നിർമിച്ചുവരുന്നു. സാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെയും കണ്ടുപിടുത്തക്കാരായ ഇന്ത്യൻ എംഎസ്എംഇ, സ്റ്റാർട്ട് അപ്പുകളെ നാവികസേന പ്രത്യേകം പരിഗണിക്കുന്നുണ്ട്. നാവിക സേനാംഗങ്ങളുടെ ശരാശരി പ്രായം 32 ൽ നിന്ന് 26 ആക്കാൻ നാവികസേന പദ്ധതിയിടുന്നു.
അടുത്ത ഏഴു വർഷത്തിനുള്ളിൽ ഇന്ത്യൻ നാവികസേനയുടെ 45 ശതമാനം സേനാംഗങ്ങളും അഗ്നിവീരന്മാരായി മാറും. 1124 വനിതകൾ നാവിക സേനയിൽ ചേർന്നിട്ടുണ്ട്. അവർക്ക് പുരുഷന്മാരോടൊപ്പം എത് ബ്രാഞ്ചിലും പ്രവർത്തിക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.