സെക്രട്ടേറിയറ്റിനു മുന്നിൽ സിപിഒ ഉദ്യോഗാർഥികളുടെ പ്രതിഷേധ പൊങ്കാല
1395578
Sunday, February 25, 2024 11:48 PM IST
തിരുവനന്തപുരം: നിയമനം നൽകാത്തതിൽ പ്രതിഷേധിച്ച് പോലീസ് കോണ്‍സ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് (സിപിഒ) ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ 51 പൊങ്കാലയിട്ട് പ്രതിഷേധിച്ചു.
സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തി വരുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായിട്ടായിരുന്നു പൊങ്കാല പ്രതിഷേധം.
നിയമന വിഷയത്തിൽ സർക്കാർ അവഗണിക്കുകയാണെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു.
രണ്ടാഴ്ച്ചക്കാലമായി പൊള്ളുന്ന വെയിലത്ത് പ്രതിഷേധിച്ചുക്കൊണ്ടിരിക്കുന്ന തങ്ങളെ സർക്കാർ ബോധപൂർവം കണ്ടില്ലെന്നു നടിക്കുകയാണ്. 2023ൽ വന്ന 13975 പേരുടെ റാങ്ക് ലിസ്റ്റിൽ നിന്നും 3019 പേരുടെ നിയമനം മാത്രമാണ് നടന്നത്. ഇത് വെറും 21 ശതമാനം മാത്രമാണ്.
മുൻ വർഷങ്ങളിൽ 90 ശതമാനം നിയമനങ്ങൾ നടന്നയിടത്താണ് ഇത്രയും കുറവ് നിയമനം നടക്കുന്നതെന്ന് ഉദ്യോഗാർഥികൾ അറിയിച്ചു. ഇതിനോടകം തന്നെ പല രീതിയിലും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.
ഇനിയും എത്ര നാൾ സമരം ചെയ്യേണ്ടി വരുമെന്ന് അറിയില്ല. നിയമനം നൽകുന്നതുവരെ സമരം തുടരുമെന്നും ഉദ്യോഗാർഥികൾ അറിയിച്ചു.