വിളക്ക് കെട്ടുകളുടെ പ്രഭയിൽ ആറ്റുകാൽ
1394514
Wednesday, February 21, 2024 5:52 AM IST
പാപ്പനംകോട് രാജൻ
നേമം : ആറ്റുകാൽ വിളക്ക് കെട്ടുകളുടെ പ്രഭയിൽ. ഉത്സവം ആരംഭിച്ചത് മുതൽ ദിവസവും നിരവധി വിളക്ക് കെട്ടുകളാണ് നാടിന്റെ പല ഭാഗത്ത് നിന്നും ക്ഷേത്രത്തിൽ എത്തുന്നത്. രാത്രി എത്തിചേരുന്ന വിളക്ക് കെട്ടുകൾ കാണാനും നിരവധി ഭക്തരാണ് എത്തുന്നത്. അഭിഷ്ടസിദ്ധിക്ക് വേണ്ടി വിളക്കെടുക്കുക എന്നത് ആറ്റുകാൽ ദേവിയുടെ ഇഷ്ട നേർച്ചയാണ്.
വലുതും ചെറുതുമായ രണ്ടുതരം വിളക്ക് കെട്ടുകളാണ് സാധാരണ കെട്ടുന്നത്. പല സ്ഥലങ്ങളിലും വ്യക്തികളുടെയും നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും പേരിലാണ് വിളക്ക് കെട്ടുകൾ എത്തുന്നത്. വിളക്ക് കെട്ടുകളുടെ അകമ്പടിയായി നിരവധി നിശ്ചല ദൃശ്യങ്ങളും വിവിധ മേളങ്ങളും കൂടെ ഉണ്ടാവും.
വിളക്ക് കെട്ടുകൾ എടുക്കുന്നവർ ഇരുപത്തിയൊന്ന് ദിവസം വൃതമെടുത്താണ് എത്തുന്നത്. പല വിളക്ക് കെട്ടുകൾക്കും നല്ലൊരു തുക ചെലവ് വരും. സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന വിളക്ക് കെട്ടുകൾക്കും അകമ്പടികൾക്കും ലക്ഷങ്ങളാണ് ചെലവ് വരുന്നത്.
വർഷങ്ങൾക്ക് മുമ്പ് വിളക്ക് കെട്ടുകളുടെ മിനുക്ക് പണികൾ വാഴത്തടയും കുരുത്തോലയും ഉപയോഗിച്ചുള്ളവയായിരുന്നു . എന്നാൽ ഇന്ന് പലതും വർണ്ണ കടലാസിൽ നിർമിച്ചതാണ്. പലതും ദിവസങ്ങൾ എടുത്താണ് നിർമിച്ച് വരുന്നത്.
വിവിധ സ്ഥലങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കിലോ മീറ്ററോളം ദൂരം വിളക്ക് കെട്ടുകളോടെപ്പം നടന്നാണ് എത്തുന്നത്. രാത്രിയോടെ ക്ഷേത്രത്തിൽ എത്തുന്ന വിളക്ക് കെട്ടുകൾ ചുറ്റമ്പലം വലം ചെയ്തു പ്രത്യേക പൂജകളും നടത്തുന്നു.
ഉദ്ദിഷ്ടകാര്യ സാധ്യത്തിനും രോഗ ശമനത്തിനും ഐശ്വര്യ സി ദ്ധിക്കും വേണ്ടിയാണ് പലരും വിളക്ക് കെട്ടുകൾ നടത്തുന്നത്. ഓരോ വർഷവും കഴിയും ത്തോറും ഇവയുടെ എണ്ണവും വർദ്ധിച്ച് വരുകയാണ്.