പരിമിതികളെ സാധ്യതകളാക്കിയ അതിജീവനമാതൃക
1394513
Wednesday, February 21, 2024 5:52 AM IST
ഡബിള്‍ ഡോക്ടറേറ്റ് നേട്ടവുമായി ആര്. ജയകുമാര്‍
നെയ്യാറ്റിന്‍കര : അതിജീവനത്തിന്റെ മാതൃകയായി സുഹൃത്തുക്കള്‍ അഭിനന്ദനം ചൊരിയുന്പോള് വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ട അനുഭവസന്പത്തുള്ള ആര്. ജയകുമാര്‍ കൂടുതല്‍ വിനയാന്വിതനാകും. ഒരു വ്യാഴവട്ടത്തിനിടയില്‍ രണ്ടാമത്തെ ഗവേഷണവും പൂര്‍ത്തിയാക്കി ഡബിള്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഈ അധ്യാപകനെ സംബന്ധിച്ചിടത്തോളം പരിമിതികളെ സാധ്യതകളാക്കി മാറ്റുന്നതാണ് ശീലം.
നെയ്യാറ്റിൻകര ഊരൂട്ടുകാല സ്വദേശിയായ ജയകുമാര്‍ നിലവില്‍ കാഞ്ഞിരംകുളം ഗവ. കോളേജിലെ അസി. പ്രഫസ റാണ് മൂന്നാമത്തെ വയസില്‍ പോളിയോ ബാധിച്ച് വലതുകാലിന്റെ സ്വാഭാവിക ചലനശേഷി നഷ്ടമായപ്പോള്‍ തുടങ്ങിയതാണ് ജയകുമാറിന്റെ പോരാട്ടം.
ഊരൂട്ടുകാല ഗവ. എംടിഎച്ച്എസ്എസിലും ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളജിലുമായുള്ള പഠനത്തിനു ശേഷം ടിടിസിയും പൂര്‍ത്തിയാക്കിയ ജയകുമാറിന് പ്രത്യേക ഉത്തരവ് പ്രകാരമായിരുന്നു അധ്യാപക നിയോഗം.
ബിആര്‍സിയില്‍ അധ്യാപക പരിശീലകന്, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ പരിപാടിയുടെ കോ- ഓര്‍ഡിനേറ്റര്‍, യുപി സ്കൂള്‍ അധ്യാപകന് മുതലായ പദവികളില്‍ നിന്നും കോളജ് അധ്യാപകനായി ഉയര്‍ന്നതിനു പിന്നില്‍ ആത്മാര്‍ഥമായ പരിശ്രമവും കഠിനാധ്വാനവും മുഖ്യഘടകങ്ങള്‍.
പൊരുതാനുള്ള മനസിന്റെ ബലത്തില്‍ മലയാള സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും എഡ്യുക്കേഷനിലും മലയാളത്തിലും നെറ്റ് യോഗ്യതയും കരസ്ഥമാക്കി. കട്ടപ്പന ഗവ. കോളജ്, നെടുമങ്ങാട് ഗവ. കോളജ് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു.
സർവശിക്ഷാ അഭിയാൻ ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ വേണ്ടി നടപ്പാക്കിയ 'സങ്കുലിത വിദ്യാഭ്യാസത്തിൽ പ്രവർത്തിക്കുന്ന റിസോഴ്സ് അധ്യാപകരുടെ മികവ് ' എന്ന വിഷയത്തിലാണ് ആദ്യ ഡോക്ടറേറ്റ്. കാസര്‍കോട്, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം മുതലായ ജില്ലകളിൽ ഏറെ സഞ്ചരിച്ചാണ് ഈ ഭിന്നശേഷിക്കാരൻ ഗവേഷണത്തിനായുള്ള വിവരങ്ങൾ ശേഖരിച്ചത്. 2017 ലെ ഡോക്ടറേറ്റ് നേട്ടത്തിനു ശേഷവും ജയകുമാര്‍ ഗവേഷണം തുടര്‍ന്നു.
`ഭിന്നശേഷിയുടെ അടയാളങ്ങൾ മലയാള നോവലിൽ' എന്നതാണ് 2024 ലെ ഡോക്ടറേറ്റിന്റെ ഗവേഷണ വിഷയം. ഒയ്യാരത്ത് ചന്തുമേനോന്റെ ശാരദ മുതൽ 2023 ൽ പുറത്തിറങ്ങിയ ഡോ. എം.എസ്.ഫൈസൽഖാന്റെ യന്ത്രക്കസേര വരെയുള്ള 19 നോവലുകള്‍ രണ്ടാമത്തെ ഗവേഷണത്തിന് പഠനവിധേയമാക്കി.
മികച്ച ഭിന്നശേഷി ജീവനക്കാരനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം 2021ൽ ജയകുമാറിന് ലഭിച്ചിട്ടുണ്ട്. ഗവ. കോളേജ് അധ്യാപക സംഘടനയായ എകെജിസിടിയുടെ ജില്ലാ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. ഭാര്യ ശോഭനകുമാരിയുടെയും മക്കളായ ഗോപികയുടെയും ഗോകുലിന്റെയും പിന്തുണയും പ്രോത്സാഹനവും ജയകുമാറിന് കൂടുതല്‍ അക്ഷരക്കരുത്തേകുന്നു.