ഉപതെരഞ്ഞെടുപ്പ്: വെള്ളാർ വാർഡിലെ പ്രചാരണങ്ങൾക്ക് കൊട്ടിക്കലാശം
1394453
Wednesday, February 21, 2024 5:35 AM IST
കോവളം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നഗരസഭ വെള്ളാർ വാർഡിലെ പ്രചാരണങ്ങൾക്ക് സമാപ്തി കുറിച്ച് കൊട്ടിക്കലാശം.വാഴമുട്ടം ബൈപാസ് ജംഗ്ഷനിൽ ഇന്നലെ വൈകുന്നേരം നടന്ന പരസ്യപ്രചാരണത്തിന്റെ കലാശക്കൊട്ട് മുന്നണികളുടെ ശക്തിപ്രകടനമായി. ബിജെപികൗൺസിലറായിരുന്ന നെടുമം മോഹന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
നിലവിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റായ വെള്ളാർ വാർഡ് നിലനിർത്താൻ സകല അടവുകളും ബിജെപി പയറ്റിയപ്പോൾ സീറ്റ് പിടിച്ചെടുത്ത് കരുത്ത് കാട്ടാനുള്ള കഠിന ശ്രമമാണ് ഇടതു വലതു മുന്നണികൾ നടത്തിയത്.
മുതിർന്ന നേതാക്കളെ രംഗത്തിറക്കി റോഡ് ഷോകളും സംഘടിപ്പിച്ചിരുന്നു. ഇന്ന് അടിത്തട്ടിലെ അട്ടിമറികൾ തടഞ്ഞ് വോട്ടുറപ്പിക്കുന്ന നിശബ്ദ പ്രചാരണം നടക്കും. നാളെയാണ് വോട്ടെടുപ്പ്. 23നു വോട്ടെണ്ണും. ഇന്നലെ ഉച്ചകഴിഞ്ഞുള്ള ശക്തമായ ചൂടിന് പ്രവർത്തകരുടെ ആവേശം കെടുത്താനായില്ല. സ്ഥാനാർഥികളായ ബിജെപിയുടെ വെള്ളാർ സന്തോഷ്, എൽ ഡിഎഫിന്റെ പനത്തുറ ബൈജു, യുഡിഎഫിന്റെ പാച്ചല്ലൂർ വി. രാജു എന്നിവരാണ് മത്സരരംഗത്തുള്ളത്.
യുഡിഎഫിന്റെ കലാശക്കൊട്ട് വാഴമുട്ടം ജംഗ്ഷനിൽനിന്നും ആരംഭിച്ച് വെള്ളാർ ജംഗ്ഷൻ, നെടുമം വഴി വാഴമുട്ടം ജംഗ്ഷനിലാണു സമാപിച്ചത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പനത്തുറ പുരുഷോത്തമൻ, ജനറൽ കൺവീനർ എം.എസ്. നസീർ, കമ്പറ നാരായണൻ, കോ-ഓർ ഡിനേറ്റർ പാച്ചല്ലൂർ കർണൻ, മുജീബ് റഹ്മാൻ, പ്രഹ്ലാദൻ എന്നിവർ നേതൃത്വം നൽകി. എൽഡിഎഫിന്റെ കലാശക്കൊട്ട് പനത്തുറയിൽനിന്നും ആരംഭിച്ച് വാഴമുട്ടം ജംഗ്ഷനിൽ ഞാൻ സമാപിച്ചു.
കോവളം ഏരിയാ സെക്രട്ടറി പി.എസ്. ഹരികുമാർ, ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി വെങ്ങാനൂർ ബ്രൈറ്റ്, എൽഡിഎഫ് നേതാക്കളായ രാജേന്ദ്രകുമാർ, എ.ജെ. സുക്കാർണോ, അഡ്വ. അജിത്, കെ.എസ്. മധുസൂദനൻ നായർ എന്നിവർ നേതൃത്വം നൽകി.
ബിജെപിയുടെ കലാശക്കൊട്ട് വെള്ളാറിലെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിൽനിന്നും ആരംഭിച്ച് കണ്ണൻകോട് വഴി വാഴമുട്ടത്ത് സമാപിച്ചു. മേഖലാ വൈസ് പ്രസിഡന്റ് ശിവശങ്കരൻ നായർ, ജില്ലാ വൈസ് പ്രസിഡന്റ് കരമന അജിത്ത്, മണ്ഡലം പ്രസിഡന്റ് കോളിയൂർ രാജേഷ്, നഗരസഭ കൗൺസിലർമാരായ സത്യവതി, മധുസൂദനൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.