ആലത്തൂർ മേഖലയിൽ കുന്നിടിച്ച് മണ്ണ് കടത്തൽ
1394090
Tuesday, February 20, 2024 4:01 AM IST
കാട്ടാക്കട: മലയോര മേഖലയിൽ കുന്നിടിച്ച് മണ്ണു കടത്തുന്ന സംഘം വ്യാപകമാകുന്നു. പെരുങ്ക ടവിള പഞ്ചായത്തിലെ ആലത്തൂർ അടക്കം വിവിധയിടങ്ങളിൽ വൻ തോതിലാണ് മണ്ണു കടത്തുന്നത്. ഇതിന് ഇവർ രാഷ്ട്രീയ സ്വാധീനവും ഉപയോഗപ്പെടുത്തുന്നതിനാൽ വഴി എളുപ്പമായി മാറുകയും ചെയ്യും.
പഞ്ചായത്തിലെ ആലത്തൂർ, നെട്ടണി വാർഡുകളിലാണ് ഇപ്പോൾ കടത്തൽ നടക്കുന്നത്. ഇവിടെ ആർക്കും പണമിറക്കിയാൽ മണ്ണ് കടത്തികൊണ്ടു പോകാമെന്ന സ്ഥിതി വിശേഷമാണ്. രാത്രിയും പകലുമായി ലോഡ് കണക്കിനാണ് ഇവിടെനിന്നും ലോറികൾ മണ്ണു കടത്തിക്കൊ ണ്ടുപോകുന്നത്.
ഇടറോഡിലൂടെ ടിപ്പർ ലോറികൾ നിരന്തരം സഞ്ചരിക്കുന്നത് വലിയ അപകടങ്ങൾ വരുത്തുമെന്നും റോഡ് തകരുമെന്നും കാണിച്ച് പ്രദേശവാസികൾ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും റോഡ് തകർന്നുപോയാൽ നവീകരിക്കുന്നതിനുവേണ്ടി മണ്ണിടിച്ചു മാറ്റുന്നതിനു കരാറെടുത്തയാളിൽനിന്ന് എഴുതി വാങ്ങാമെന്നാണ് അറിയിച്ചിട്ടുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്.
പൊക്കംകൂടിയ കുന്നിൻ പ്രദേശമാണ് ഇപ്പോൾ പകുതിയോളം ഇടിച്ചു മാറ്റിയിരിക്കുന്നത്. മണ്ണ് ഇടിച്ചു മാറ്റുന്നതിനു ജിയോളജി വകുപ്പിൽനിന്നും പഞ്ചായത്തിൽനിന്നും അനുമതി വാങ്ങുന്നത് 100 ലോഡിന് ആണെങ്കിൽ ആയിരം ലോഡുകൾക്ക് മുകളിലാണ് ഇവിടെനിന്നും കടത്തികൊണ്ടുപോകുന്നത്. പഞ്ചായത്ത് അധികൃതർ അനുമതി നൽകാറുണ്ടെങ്കിലും പ്രദേശത്ത് പരിശോധന നടത്തുന്നതിനോ, എത്ര അളവ് നീക്കം ചെയ്തിട്ടുണ്ടെന്നു നോക്കുന്നതിനോ ആരും എത്താത്തത് ഇത്തരം സംഘങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നുവെന്നാണ് ആരോപണം.
വണ്ടി വാടക ഉൾപ്പടെ ഒരു ലോഡിന് 2500 മുതൽ 3000 രൂപ വരെയാണ് ഈടാക്കുന്നത്. മണ്ണ് എത്തിക്കുന്ന സ്ഥലത്തിന് ദൂരപരിധി കൂടുതലാണെങ്കിൽ തുകയ്ക്ക് വീണ്ടും മാറ്റം വരും. പുതുതായി വീട് വയ്ക്കുന്നവരാണ് ആവശ്യക്കാരിൽ ഏറെയും. ഇവർക്ക് പല സ്ഥലത്തുനിന്നും മണ്ണ് കിട്ടാതെ വരുന്നതോടെ മുന്തിയ വില കൊടുത്തും ഇവർ മണ്ണ് വാങ്ങാൻ തയാറാകുന്നുണ്ട്.
ഒരു പ്രദേശത്ത് മണ്ണിടിക്കുന്നതിന് ജിയോളജി വകുപ്പിൽനിന്ന് അനുമതി വാങ്ങുന്നതോടൊപ്പം വില്ലേജ് അധികൃതർക്ക് ഇതുമായി ബന്ധപ്പെട്ട് കത്തു നൽകാറുണ്ട്. എന്നാൽ കടത്തികൊണ്ടു പോകുന്ന ലോഡ് നിർണ്ണയിക്കാൻ ഇവർക്കാവുന്നുമില്ല. ഈ പ്രദേശത്ത് ഏതാണ്ട് എല്ലാ കുന്നുകളും ഇല്ലാതെയായി വരികയാണ്. വൻ പാരിസ്ഥിതിക ദുരന്തത്തിന്റെ പിടിയിലാകുമെന്ന ഭീതിയിലാണ് ഇവിടുത്തുകാർ.