ഒരു പകൽ മുഴുവൻ നീണ്ട തെരച്ചിൽ; ഒടുവിൽ ആശ്വാസ വാർത്ത
1394083
Tuesday, February 20, 2024 4:01 AM IST
തിരുവനന്തപുരം: ചാക്കയിൽ നിന്നു കാണാതായ രണ്ടര വയസുകാരിയായ നാടോടി ബാലികയെ കണ്ടെത്തിയത് 19 മണിക്കൂറിലേറെ നീണ്ട തെരച്ചിലിനൊടുവിൽ.
പുലർച്ചെ ഒന്നോടെയാണ് തങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ അറിഞ്ഞത്. തേൻ ശേഖരിക്കുന്നതിനായി കേരളത്തിലെത്തിയ ബീഹാർ സ്വദേശികളായ നാടോടി കുടുംബം തിരുവനന്തപുരം ചാക്കയിൽ ബ്രഹ്മോസിനും ഓൾസെയിന്റ്സ് കോളജിനുമിടയിലുള്ള ആളൊഴിഞ്ഞ പ്രദേശത്ത് ടെന്റ് കെട്ടിയായിരുന്നു താമസിച്ചിരുന്നത്.
രാത്രി 11.30 ഓടെ എല്ലാവരും ഒരുമിച്ചാണ് ഉറങ്ങാൻ കിടന്നതെന്നും പുലർച്ചെ ഉണർന്നു നോക്കുന്പോൾ കുട്ടിയെ കാണാനില്ലെന്നുമായിരുന്നു കുട്ടിയുടെ രക്ഷിതാക്കൾ പോലീസിന് മൊഴി നൽകിയത്.
പുലർച്ചെ രണ്ടരയോടെയാണ് സമീപപ്രദേശത്തെല്ലാം തെരച്ചിൽ നടത്തിയ ശേഷം കുട്ടിയുടെ മാതാപിതാക്കൾ പേട്ട പോലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും കുട്ടിക്കായി അന്വേഷണം ആരംഭിച്ചു.
മഞ്ഞ സ്കൂട്ടറിൽ വന്ന ഒരാൾ കുട്ടിയെ എടുത്ത് കൊണ്ട് പോകുന്നത് കണ്ടതായി കുട്ടിയുടെ നാല് സഹോദരന്മാരിൽ ഒരാൾ പോലീസിനോട് പറഞ്ഞു. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ അവ്യക്തതയുണ്ടെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നു. കുട്ടിയെ കണ്ടെത്തുന്നതിനായി രാവിലെയോടെ തന്നെ പോലീസ് കൂടുതൽ നടപടികൾ ആരംഭിച്ചു.
പ്രദേശത്ത് സിസിടിവി കാമറകൾ ഇല്ലാതിരുന്നത് ആദ്യഘട്ടത്തിൽ അന്വേഷണത്തെ ബാധിച്ചു. എന്നാൽ പ്രദേശത്തിനു സമീപത്തും മറ്റിടങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് വ്യാപകമായി തന്നെ ശേഖരിച്ചു പരിശോധിച്ചു. ഇതിനായി ഒരു എസിപിയെ തന്നെ ചുമതലപ്പെടുത്തി. എന്നാൽ നിരവധി സിസിടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. നഗരത്തിലെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ, കടകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ തുടങ്ങിയവയും പോലീസ് പരിശോധിച്ചു. എന്നാൽ ഒരു സൂചനയും ലഭിച്ചില്ല.
ജില്ലയുടേയും സംസ്ഥാനത്തിന്റെയും അതിർത്തികൾ, റെയിൽവേസ്റ്റേഷൻ, ബസ്സ്റ്റാന്റുകൾ തുടങ്ങിയ സ്ഥലങ്ങളിലും പോലീസ് പരിശോധന ശക്തമാക്കി. ഭിക്ഷാടന സംഘങ്ങൾ, കുട്ടികളെ തട്ടിക്കോണ്ടുപോയ കേസിൽ പ്രതികളായിട്ടുള്ളവർ, ലഹരി വിൽപന കേസുകളിൽ പ്രതികളായവർ തുടങ്ങിയവരെയും പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജുവിന്റെ മേൽനോട്ടത്തിലായിരുന്നു കുട്ടിക്കായി അന്വേഷണം ഉൗർജിതമാക്കിയത്. രാവിലെ പത്തോടെ പേട്ട പോലീസ് സ്റ്റേഷനിലെത്തിയ ഡപ്യൂട്ടി കമ്മീഷണർ നിധിന്റെ നേതൃത്വത്തിൽ പോലീസ് അഞ്ചു ടീമുകളായി തിരിഞ്ഞ് പ്രദേശമാകെ കുട്ടിക്കായി തെരച്ചിൽ ശക്തമാക്കി.
ഇതിനിടയിൽ മന്ത്രി വി. ശിവൻകുട്ടി പേട്ട പോലീസ് സ്റ്റേഷനിലെത്തി അന്വേഷണപുരോഗതി വിലയിരുത്തി. കുഞ്ഞിന്റെ രക്ഷിതാക്കളെ അദ്ദേഹം ആശ്വസിപ്പിച്ചു. കുട്ടിയെ കണ്ടെത്തുന്നതിന് സർക്കാരും പോലീസും എല്ലാ സംവിധാനവും ഉപയോഗിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. എംഎൽഎമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ എന്നിവരും കുഞ്ഞിന്റെ രക്ഷിതാക്കളെ സന്ദർശിച്ചു.
എന്നാൽ വൈകുന്നേരമായിട്ടും കുട്ടിയെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലടക്കം പോലീസിനെതിരേ വ്യാപകമായ വിമർശനവും ഉയർന്നു. അതിനിടയിലും പോലീസ് പരിശോധന തുടർന്നു.
വൈകുന്നേരം ഏഴരയോടെ കുട്ടിയെ കണ്ടെത്തിയതായുള്ള ആശ്വാസ വാർത്തയെത്തി. കുട്ടിയെ കാണാതായ സ്ഥലത്തു നിന്നും ഒരു കിലോമീറ്ററോളം അകലെ ബ്രഹ്മോസിന്റെ പിറകിലായി റെയിൽവേ ട്രാക്കിനു സമീപത്തുള്ള ഓടയിൽ നിന്നാണ് കുട്ടിയെ പോലീസ് സംഘം കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് പോലീസ് നായയെ അടക്കം എത്തിച്ച് രാത്രി വൈകിയും പോലീസ് പരിശോധന തുടരുകയാണ്.
അടിമുടി ദുരൂഹത;തട്ടിക്കൊണ്ടു പോയവർ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്ന് പോലീസ്
തിരുവനന്തപുരം: ചാക്കയിൽ നിന്നു കാണാതായ രണ്ടുവയസുകാരിയെ കടത്തിക്കൊണ്ട് പോയതു തന്നെയെന്ന് പോലീസ്. പോലീസ് പരിശോധന ഉൗർജിതമാക്കിയതിനെ തുടർന്ന് തട്ടിക്കൊണ്ട് പോയവർ കുട്ടിയെ ഉപേക്ഷിച്ച് കടന്നതാകാമെന്നാണ് പോലീസിന്റെ നിഗമനം.
കുട്ടിയെ കാണാതായതിനെ തുടർന്ന് പ്രദേശത്താകെ പോലീസ് തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇവിടെയൊന്നും സംശയകരമായി ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല. രാത്രിയോടെയാണ് ബ്രഹ്മോസിനു പിറകിൽ റെയിൽവേ ട്രാക്കിന് സമീപത്തായി ആളൊഴിഞ്ഞ പ്രദേശത്ത് ഓടയിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്.
പ്രദേശവാസികളും പോലീസും ചേർന്ന് രാവിലെ ഈ പ്രദേശങ്ങളിലടക്കം തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ ആ സമയത്ത് കുട്ടി അവിടെ ഉണ്ടായിരുന്നില്ല. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോവുകയും പിന്നീട് ഉപേക്ഷിക്കുകയുമായിരുന്നെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്.
മഞ്ഞ സ്കൂട്ടറിൽ വന്ന ഒരാൾ കുട്ടിയെ എടുത്തു കൊണ്ടു പോയതായി കണ്ടെന്ന കുട്ടിയുടെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിലും പോലീസ് അന്വേഷണം ഉൗർജിതമാക്കിയിരുന്നു. തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഒരാൾ സ്കൂട്ടറിൽ കുട്ടിയുമായി പോകുന്നതു കണ്ടെന്ന് ചാക്ക സ്വദേശിയായ ഒരാൾ പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രദേശത്തെ ചില സിസിടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചിരുന്നെങ്കിലും ദൃശ്യങ്ങൾക്ക് വ്യക്തതയില്ലായിരുന്നു.
പേട്ട, കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലേക്കു പോകുന്ന വഴികളിൽ പോലീസ് രാവിലെ തന്നെ പരിശോധന നടത്തിയിരുന്നെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയിരുന്നില്ല.
കുട്ടിയെ ട്രെയിൻ മാർഗം കടത്തിക്കൊണ്ട് പോയിട്ടില്ലെന്ന് സ്ഥിരീകരിച്ചതായി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു ഇതിനു ശേഷം പ്രതികരിച്ചിരുന്നു.
എന്നാൽ രാവിലെ പരിശോധന നടത്തിയ സ്ഥലത്തു നിന്നു തന്നെ രാത്രിയോടെ കുട്ടിയെ കണ്ടെത്തിയത് കുട്ടിയെ തട്ടിക്കൊണ്ടു പോവുകയും ഉപേക്ഷിക്കുകയുമായിരുന്നെന്ന നിഗമനം ബലപ്പെടുത്തുന്നതാണ്.
അങ്ങനെയെങ്കിൽ ആരാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്നത് കണ്ടെത്തുകയാണ് പോലീസിനു മുന്നിലുള്ള അടുത്ത വെല്ലുവിളി. ഇതിനായി പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. പ്രതിയെ കുറിച്ച് ചില സൂചനകൾ ലഭിച്ചതായും വിവരമുണ്ട്. എന്നാൽ ആരും തന്നെ കസ്റ്റഡിയിൽ ഇല്ലെന്നും കാര്യങ്ങൾ സമഗ്രമായി പരിശോധിച്ചു അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.