ആറ്റിങ്ങലില്‍ അരങ്ങുണര്‍ന്നു.. ഇനി നാലുനാള്‍
1376140
Wednesday, December 6, 2023 5:46 AM IST
ആറ്റിങ്ങല്‍: കൗമാരകലയുടെ മത്സരാവേശത്തിന് അരങ്ങുണര്‍ന്നു. നാദസംഗീതമയമായി വേദികളും താളാത്മക ചലനങ്ങളോടെ സദസും കലയുടെ ലാസ്യലയഭാവങ്ങളില് അലിഞ്ഞു ചേര്‍ന്നു. 62-ാമത്് തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിന് ആറ്റിങ്ങലില്‍ പ്രൗഢ ഗംഭീരമായ തുടക്കം. ഇനിയുള്ള നാലു ദിനരാത്രങ്ങള്‍ ആറ്റിങ്ങല്‍ പട്ടണം കൗമാര മാമാങ്കത്തിന്റെ വേദിയാകും. നീണ്ട ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജില്ലാ കലോത്സവത്തിന് ആറ്റിങ്ങല്‍ ആതി ഥേയത്വം വഹിക്കുന്നത്.
ഇന്നലെ രാവിലെ പത്തിന് ആറ്റിങ്ങല്‍ ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്രധാന വേദിയില്‍ ഒ.എസ്. അംബിക എംഎല്‍എ ദീപം തെളിച്ച് കലാമാമാങ്കത്തിന് തുടക്കം കുറിച്ചു. സമ്മേളനയോഗത്തില്‍ ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എസ്. കുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജല ബീഗം, നഗരസഭ വൈസ് പ്രസിഡന്റ് തുളസിധരന് പിള്ള, ഹയര്‍ സെക്കൻഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുധ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം ചെയര്മാന്മാരായ ഗിരിജ, നജാം, രമ്യസുധീര്‍, അവനവന്‍ചേരി രാജു തുടങ്ങിയര്‍ പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തിനുശേഷം പതിനാല് വേദികളിലായി കലാമത്സരങ്ങളും, രചനാ മത്സരങ്ങളും ആരംഭിച്ചു. തിരുവാതിരയും മോഹിനിയാട്ടവും കഥകളിയും ക്ലാര്‍നെറ്റും വൃന്ദവാദ്യവുമൊക്കെയായി ഒന്നാംദിനം വേദികള്‍ സജീവമാപ്പോള് കാണികളുടെ എണ്ണവും കുറഞ്ഞില്ല. ലളിതഗാനവും മാപ്പിളപ്പാട്ടും നടന്ന വേദികളില്‍ ജനം നിറഞ്ഞു. എച്ച്എസ്എസ് വിഭാഗം ക്ലാര്നെറ്റ് ബ്യൂഗിളിലാണ് ആദ്യ മത്സര ഫലം പ്രഖ്യാപിച്ചത്. മറ്റു വേദികളില്‍ സമയക്രമം പാലിച്ച് മത്സരം തുടങ്ങിയെങ്കിലും പ്രധാന വേദിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടന്നതിനാല്‍ യുപി വിഭാഗം തിരുവാതിര രണ്ടുമണിക്കൂറോളം വൈകി.
സ്പീക്കര്‍ എ.എന്‍. ഷംസീറിനെയാണ് ഉദ്ഘാടനത്തിന് നിശ്ചയിച്ചിരുന്നതെങ്കിലും എത്തിയില്ല. എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്, സി.കെ. ഹരീന്ദ്രന്‍, കെ. ആന്‍സലന്‍ തുടങ്ങിയവരെ ക്ഷണിച്ചെങ്കിലും അവരും പങ്കെടുത്തില്ല. തുടര്‍ന്നാണ് ആറ്റിങ്ങല്‍ എംഎല്‍എ ഒ.എസ്. അംബിക കലോത്സവം ഉദ്ഘാടനം ചെയ്തത്. രജിസ്ട്രേഷന് സംബന്ധിച്ച് അധ്യാപകര്‍ തമ്മിലുള്ള വാക്കേറ്റം തുടക്കത്തിലെ കല്ലുകടിയായി. എഇഒമാര്‍ പണം അടയ്ക്കാത്തതിനാല്‍ രജിസ്ട്രേഷന് കിറ്റ് നല്‍കാനാകില്ലെന്ന് കമ്മിറ്റി അറിയിച്ചതോടെയാണ് വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് ഡിഡി ഇടപെട്ടു പ്രശ്നം പരിഹരിച്ചു.
തിരുവാതിര വേദിയില്‍ ഹയര്‍സെക്കൻഡറി വിഭാഗം മത്സരാര്‍ഥികള്‍ കൂട്ടത്തോടെ കുഴഞ്ഞുവീണു. വേദിയിലെ വായുസഞ്ചാരത്തിന്റെ കുറവാണ് വിദ്യാര്‍ഥികളെ തളര്‍ത്തിയതെന്ന് അധ്യാപകരും രക്ഷിതാക്കളും ആരോപിച്ചു.
വിവിധ ടീമുകളിലെ 15 ല്‍ അധികം പേരാണ് ബോധരഹിതരായത്. ഇവരില്‍ ചിലരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. രാത്രി വൈകിയും മത്സരം തുടരുകയാണ്.
അപ്പീലിലൂടെയെത്തി ഒന്നാമതായി റോമ
ആറ്റിങ്ങല്‍: അപ്പീലുമായി കലോത്സവ വേദിയില്‍ മത്സരിക്കാനെത്തി മിന്നുന്ന വിജയം സ്വന്തമാക്കി റോമ രാജീവ്. എച്ച്എസ്എസ് വിഭാഗം മോഹിനിയാട്ടം മത്സരത്തിലാണ് വര്‍ക്കല ഇടവ ലിറ്റില്‍ ഫ്ളവര്‍ ഇഎംച്ച്എസിലെ പ്ലസ് വണ്‍ ബയോളജി സയന്‍സ് വിദ്യാര്‍ഥിനിയായ റോമ തിളക്കമാര്‍ന്ന വിജയം നേടിയത്.
വര്‍ക്കല ഉപജില്ല മത്സരത്തില്‍ മോഹനിയാട്ടത്തിന് ഒന്നാം സ്ഥാനം കിട്ടാത്തതിനാല്‍ ജില്ലയിലേക്കുള്ള അവസരം നിഷേധിക്കപ്പട്ടിരുന്നു. മുന്‍ വര്‍ഷം ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് എ ഗ്രേഡും നേടിയ റോമക്ക് തന്റെ മികവിനെക്കുറിച്ച് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു.
അതിനാല്‍ തന്നെ ഉപജില്ലയിലെ വിധി നിര്‍ണയത്തിലെ പാളിച്ചയാണ് തന്നെ പിന്നിലാ ക്കിയത് എന്ന തോന്നലാണ് അപ്പീല്‍ വാങ്ങി ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത്. പിന്നാലെ ജില്ലാ കലോത്സവ വേദിയില്‍ തകര്‍ത്താടി ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് പ്രവേശനം ഉറപ്പ് വരുത്തി. ഇടവ കരുന്നിലക്കോട് ബാനു വിഹാറില്‍ രാജീവ് - റീബ ദമ്പതികളുടെ മകളാണ് റോമ രാജീവ്.
കലോത്സവ ലോഗോ ഒരുക്കിയയാളും മത്സരാർത്ഥി..!
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ തയാറാക്കിയ വിദ്യാർഥി ഇതേ കലോത്സവത്തിൽ മത്സരാർഥി. മനോഹരമായ ലോഗോ തയാറാക്കിയത് ആരെ ന്നു പോലും പുറത്തു വലുതായി അറിഞ്ഞിട്ടില്ല. ചിറയിൻകീഴ് ശാരദ വിലാസം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ബയോളജി സയൻസ് വിദ്യാർഥിനി ആർദ്ര പ്രേം എന്ന മിടുക്കിയായ വിദ്യാർഥിനിയാണ് ജില്ലയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് ലോഗോ ഒരുക്കിയത്. കുട്ടിക്കാലം മുതൽ ചിത്രരചനയോട് ആഭിമുഖ്യം പുലർത്തിയിരുന്ന ആർദ്ര മൂന്നാം ക്ലാസ് മുതൽ ചിത്രരചന പഠിക്കുന്നതിനും സമയം കണ്ടെത്തി. ഇപ്പോഴും അത് തുടരുന്നു.
അവനവഞ്ചേരി ആർട്ട് വ്യൂ എന്ന സ്ഥാപനത്തിൽ ആണ് ഇപ്പോൾ കലാപരിശീലനം തുടരുന്നത്. പത്താം ക്ലാസിൽ പഠിക്കവെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓയിൽ പെയിന്റിംഗിൽ എ ഗ്രേഡ് ലഭിച്ചിരുന്നു. ജില്ലാ കലോത്സവത്തിൽ പെൻസിൽ ഡ്രോയിംഗ്, ജലഛായം എന്നിവയിലും എ ഗ്രേഡ് നേടിയിരുന്നു.
നിലവിൽ ആറ്റിങ്ങൽ നടക്കുന്ന ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ആറ്റിങ്ങൽ ഉപജില്ലയെ പ്രതിനിധീകരിച്ച് പെൻസിൽ ഡ്രോയിംഗ്, ജലഛായം, ഓയിൽ പെയിന്റിംഗ് എന്നിവയിൽ ആർദ്ര പ്രേം മത്സരാർഥിയാണ്. എസ്. പ്രേംനാഥ് - വി.എസ്. അശ്വതി ദമ്പതികളുടെ മകൾ ആണ് ആർദ്ര.
തണ്ണീര്‍പന്തല്‍ ഒരുക്കി പോലീസ് അസോസിയേഷന്
ആറ്റിങ്ങല്‍: ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ആറ്റിങ്ങല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മുഖ്യവേദിക്ക് സമീപം തണ്ണീര്‍പന്തല്‍ ഒരുക്കി. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണ്‍ തണ്ണീര്‍പന്തല്‍ ഉദ്ഘാടനം ചെയ്തു.
കുട്ടികള്‍ക്കായി മധുര പാനീയങ്ങളും ചുക്കുകാപ്പിയും ബിസ്ക്കറ്റും തണ്ണിമത്തനും ഉൾപ്പെടെയുള്ളവിഭവങ്ങളുമായാണ് പോലീസ് അസോസിയേഷന് ഭാരവാഹികള്‍ കുട്ടികളെ വരവേറ്റത്.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ. തങ്കമണി, ആറ്റിങ്ങല്‍ ഡിവൈഎസ്പി ടി. ജയകുമാര്‍, എസ്എച്ച്ഒ മുരളികൃഷ്ണന്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് തിരുവനന്തപുരം റൂറല്‍ ജില്ലാ സെക്രട്ടറി ആർ.കെ. ജ്യോതിഷ്, ജോയിന്റ് സെക്രട്ടറി എ. ഷാ, കേരള പോലീസ് അസോസിയേഷന് തിരുവനന്തപുരം റൂറല്‍ ജില്ലാ പ്രസിഡന്റ് ടി. വിജു, സെക്രട്ടറി ജി.വി. വിനു, വി. സുനില്‍കുമാര്‍, കൃഷ്ണലാല്‍, അപ്പു, കിഷോര്‍ ഷാനവാസ്, അജിത്ത്, നിഖില്‍, ലിബിന് തുടങ്ങിയവര്‍ പങ്കെടുത്തു.
വൃന്ദാവാദ്യത്തിൽ ഒന്നാംസ്ഥാനം നേടി സീരിയൽ താരവും കൂട്ടരും
ആറ്റിങ്ങൽ: സീരിയൽ താരവും സംഘവും വൃന്ദവാദ്യത്തിൽ ഒന്ന് സ്ഥാനം നേടി. വഴുതക്കാട് കാർമൽ എച്ച്എസ്എസ് ടീം ആണ് ഹയർ സെക്കൻഡറി വിഭാഗം വൃന്ദവാദ്യത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയത്.
നിലവിൽ ഈ വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാർഥിനികളായ ഏഴംഗ സംഘമാണ് സ്കൂളിന് വേണ്ടി ഒന്നാം സ്ഥാനം ഊട്ടി ഉറപ്പിച്ചത്. ഇതിൽ ഒരാളാണ് ഗൗരി പി. കൃഷ്ണൻ എന്ന ചലച്ചിത്രതാരം. വൈഗ ബി. അരുൺ, എസ്. പൂജ, ടി.എസ്. വൈദേഹി, ആൻ മരിയ തോമസ്, എ.ജെ. അമൃത, ലക്ഷ്മി കൃഷ്ണൻ എന്നിവർ അടങ്ങിയ ടീം ആണ് ജില്ലയിൽ നിന്നും സംസ്ഥാന കലോത്സവത്തിന് അർഹത നേടിയത്.
മൂന്ന് വയലിൻ, രണ്ടു കീബോർഡ്, തകിൽ, ഘടം, മുഖർ ശംഖ്, റിഥം പാഡ് എന്നിവ ഉപയോഗിച്ചാണ് ഇവർ വേദിയിൽ താള വിസ്മയം തീർത്തത്. ഗൗരി പി. കൃഷ്ണൻ വാനമ്പാടി, കുടുംബ വിളക്ക് എന്നീ സീരിയലുകളിൽ അഭിനയിക്കുന്ന താരം കൂടിയാണ്.
ഒടിഞ്ഞ കാലുമായി തിരുവാതിര വേദിയിലെത്തിയ തീര്‍ഥ താരമായി
ആറ്റിങ്ങല്‍: പ്ലാസ്റ്ററിട്ട കാലുമായി തിരുവാതിര വേദിയിലെത്തി ഒന്നാം സമ്മാനം സ്വന്തമാക്കിയ നെടുമങ്ങാട് ദര്‍ശന എച്ച്എസ്എസിലെ തീര്‍ഥയായിരുന്നു കലോത്സവത്തിലെ ആദ്യ ദിനത്തിലെ താരം. കലോത്സവത്തിന് ഒരാഴ്ചമുമ്പ് അപകടത്തില്‍ കാലിന് പരിക്കു പറ്റിയ തീര്‍ഥയ്ക്ക് ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്ന ആശങ്കയായിരുന്നു കൂട്ടുകാരികൾക്കും അധികൃ തർക്കും.
എന്നാല്‍ ആത്മവിശ്വാസം കൈവിടാതെ തീര്‍ഥ ഒടിഞ്ഞ കാലുമായി വേദിയിലെത്തി. തിരുവാതിര കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സഹപാഠികള്‍ ചുവടുവച്ചത് തീര്‍ഥയുടെ പാട്ടിനൊപ്പമായിരുന്നു. ഹൈസ്കൂള്‍ വിഭാഗം തിരുവാതിരക്കളിയുടെ ഫലം വന്നപ്പോള്‍ തീര്‍ഥയ്ക്കും സംഘത്തിനും ഹൈസ്കൂള്‍ ഭാഗത്തില്‍ ഫസ്റ്റും എ ഗ്രേഡ് ലഭിച്ചു. കാലൊടിഞ്ഞ വേദനയിലും കരയാതിരുന്ന തീര്‍ഥയ്ക്ക് ഒടുവില്‍ റിസള്‍ട്ട് വന്നപ്പോള്‍ ആനന്ദ കണ്ണീര്. ഇനി തീര്‍ഥയ്ക്കും സംഘത്തിനും സംസ്ഥാന കലോത്സവത്തിലേക്ക് ശക്തമായി ചുവടുവെയ്ക്കാം.
പ്രസംഗവേദിയില്‍ പ്രതീക്ഷയായി പ്രേക്ഷകരുടെ 'ഉമക്കുട്ടി'
ആറ്റിങ്ങല്‍: പുതുയുഗത്തിന്റെ പ്രതീക്ഷകളും സാധ്യതകളും തേടുന്ന ആത്മാവുള്ള ഇന്ത്യയെ വാക്കുകളില്‍ വരച്ചിട്ട ഉമയ്ക്ക് ഹൈസ്കൂള്‍ വിഭാഗം മലയാളം പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും. ജില്ലാ കലോത്സവത്തില്‍ ഒരിനത്തില്‍ മാത്രം മത്സരിക്കാനാണ് കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ്് ജിഎച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഉമയെത്തിയത്. പങ്കെടുത്ത ഏക ഇനത്തില്‍ ഒന്നാംസ്ഥാനം സ്വന്തമാക്കിയാണ് ഈ കൊച്ചുമിടുക്കി കലോത്സവവേദിയില്‍ നിന്നു മടങ്ങിയത്.
പെരികാവ് മല്‍ഹര്‍ ചന്ദന്വില്ലയില് കാര്‍ട്ടൂണിസ്റ്റ് ടി.കെ. സുജിത്തിന്റെയും എം. നമിതയുടെയും മകളായ ഉമ യൂട്യൂബ് പ്രേക്ഷകര്‍ക്ക് "ഉമക്കുട്ടിയാണ്'. ഉമക്കുട്ടി എന്ന യുട്യൂബ് ചാനലിന് നിലവില്‍ രണ്ടു ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് ഉണ്ട്. പ്രസംഗം കഴിഞ്ഞാല്‍ ഉമയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത് ഡബ്ബിംഗാണ്. വനിതശിശുവികസന വകുപ്പിന്റേതടക്കം കുട്ടികള്‍ക്കായുള്ള നിരവധി ആനിമേഷന്‍ ചിത്രങ്ങള്‍ക്ക് ഈ കൊച്ചുമിടുക്കി ഇതിനോടകം ശബ്ദം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷത്തെ സംസ്ഥാനതല ശിശുദിനാഘോഷ പരിപാടിയുടെ ആങ്കറായും ഉമ വേദിയിലെത്തി. യൂണിസെഫിന്റെ യൂത്ത് കണ്ടന്റ് ക്രിയേറ്റര്‍ എന്ന പദവിയും ഈ പതിമൂന്നു കാരി സ്വന്തമാക്കിയിട്ടുണ്ട്.
തുടക്കത്തിലെ കല്ലുകടി; രജിസ്ട്രേഷന് കൗണ്ടറില്‍ വാക്കേറ്റം
ആറ്റിങ്ങല്‍: ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ആദ്യദിനത്തില്‍ തന്നെ അധ്യാപകര്‍ തമ്മില്‍ പ്രധാവേദിയിലുണ്ടായ വാക്കേറ്റം ആഘോഷത്തിനിടയിലെ കല്ലുകടിയായി.
രജിസ്ട്രേഷന് കിറ്റ് നല്കണമെങ്കില് എഇഒമാര്‍ നല്‍കേണ്ട പണംനല്‍കണമെന്ന് രജിസ്ട്രേഷന് കമ്മറ്റി ശാഠ്യം പിടിച്ചതാണ് വാക്കേറ്റത്തിന് കാരണമായത്. ഒരു കുട്ടിക്ക് 20 രൂപ വച്ച് എഇഒ മാര്‍ അടയ്ക്കണം. ഈ തുക അടച്ചാല്‍ മാത്രം രജിസ്ട്രേഷന് കിറ്റ്് നല്കിയാല് മതിയെന്നാണ് ഡിഡി ഓഫീസില്‍നിന്നും നിര്‍ദേശം നല്‍കിയിരുന്നത്.
പാര്‍ട്ടിസിപ്പേഷന്‍ കാര്‍ഡ്, രജിസ്ട്രേഷന് സ്ലിപ്, ഫുഡ്കൂപ്പണ് അടക്കമുള്ളവയാണ് രജിസ്ട്രേഷന് കിറ്റ്. പാര്‍ട്ടിസിപ്പന്റ് കാര്‍ഡില്ലാതെ വിദ്യാര്‍ഥിക്ക് മത്സരിക്കാനുമാകില്ല. സബ് ജില്ലാ കണ്‍വീനര്‍മാര്‍ ബഹളംവച്ചതോടെ ഡിഡി ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. അതേസമയം ട്രോഫി, പണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാലെ രജിസ്ട്രേഷന് നല്‍കാനാകൂ എന്നത് കലോത്സവത്തിന്റെ നിയമമാണെന്നാണ് രജിസ്ട്രേഷന് വിഭാഗം അറിയിച്ചു.
മത്സരഫലം ഓണ്ലൈനിലറിയാം..
ആറ്റിങ്ങൽ: ജില്ലാ സ്കൂൾ കലോത്സവം മത്സര ഫലങ്ങൾ അറിയുവാൻ ഓൺലൈൻ സംവിധാനം. ഇതിനായി പ്രത്യേകം ക്യുആർ കോഡ് സജ്ജമാക്കി. കോഡ് സ്കാൻ ചെയ്താൽ സൈറ്റിൽ എത്താം. എല്ലാ മത്സര ഫലങ്ങളും ആർക്കും പരിശോധിക്കാം. വ്യക്തിഗത, സ്കൂൾതല, ഉപജില്ല തല ഫലങ്ങൾ തൽസമയം ലഭ്യമാക്കും. വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കൈറ്റ് വെബ്സൈറ്റിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ എത്തുന്നത് ഈ വെബ്സൈറ്റിൽ ആണ്.