കരിമഠം കോളനിയിലെ കൊലപാതകം: കൊലപ്പെടുത്തുന്നതു കണ്ടതായി സാക്ഷികൾ
1375366
Sunday, December 3, 2023 1:46 AM IST
തിരുവനന്തപുരം: കരിമഠം കോളനിക്കുളളിലെ കഞ്ചാവ് വിൽപന തടഞ്ഞ നസീറിനെ പ്രതികൾ വെട്ടിക്കൊല്ലുന്നതു കണ്ടതായി കരിമഠം സ്വദേശികളായ ഷിബുവും രാജേഷും കോടതിയിൽ മൊഴി നൽകി. കൊല്ലപ്പെട്ട നസീർ മയക്കുമരുന്നു വിൽപനയെ എതിർക്കുന്ന റെസ്റ്റ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ ഭാരവാഹിയായിരുന്നു.
നഗരത്തിലെ പ്രധാന മയക്കുമരുന്നു വിൽപനക്കാരനും കരിമഠം സ്വദേശിയുമായ അമാനം സതി എന്ന സതിയോട് ഇനി മയക്കുമരുന്നു കച്ചവടം നടത്തിയാൽ പോലീസിനു വിവരം നൽകുമെന്ന് കൊല്ലപ്പെട്ട നസീർ പറഞ്ഞിരുന്നു. ഇങ്ങനെ പറഞ്ഞ് പത്തു മിനിറ്റ് ആകുന്നതിന് മുന്പു സതി സുഹൃത്തുക്കളുമായി എത്തി നസീറിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയതായി സാക്ഷികൾ കോടതിയിൽ മൊഴി നൽകി. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്.
2006 സെപ്റ്റംബർ 11 ന് വൈകിട്ട് 5.30 ന് കരിമഠം കോളനിക്കുളളിലെ കാമാക്ഷി അമ്മൻ ക്ഷേത്രത്തിനു മുന്നിലിട്ടാണ് പ്രതികൾ നസീറിനെ ആക്രമിച്ചത്. മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നസീർ 23-ാം ദിവസം മരണമടഞ്ഞു.
കരിമഠം കോളനി സ്വദേശികളായ നസീർ, അയ്യപ്പൻ, തൊത്തി സെയ്ദാലി എന്ന സെയ്ദാലി, തൈലം ഷാജി എന്ന ഷാജി, മനു, ജയൻ, കാറ്റ് നവാസ് എന്ന നവാസ് എന്നിവരാണ് മറ്റ് പ്രതികൾ. ഇതിൽ അയ്യപ്പൻ, ഷാജി, മനു എന്നിവർ വിചാരണ ആരംഭിക്കുന്നതിന് മുൻപ് മരണമടഞ്ഞു. പ്രധാന പ്രതിയായ സതി മറ്റൊരു മയക്കുമരുന്നു കേസിൽ ശിക്ഷിക്കപ്പെട്ട് ഇപ്പോൾ ജയിലിലാണ്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.