കേരളാ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് പ്രതിഷേധത്തിലേക്ക്
1375115
Saturday, December 2, 2023 12:37 AM IST
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ പരിമിതമായ ആവശ്യങ്ങളോടുള്ള സർക്കാരിന്റെ നിഷേധാത്മക സമീപനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരളാ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് രാവിലെ സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സി. ഹബീബ് പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന ധർണ കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്യും. ലോക ഭിന്നശേഷി ദിനമായ ഞായറാഴ്ച അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ച് ദിനാചരണത്തിൽ പങ്കെടുക്കും.
ഭിന്നശേഷി പെൻഷൻ വർധിപ്പിച്ച് മുടക്കമില്ലാതെ നൽകുക, സർക്കാർ എയ്ഡഡ് മേഖലയിലെ തൊഴിൽ സംവരണം കാര്യക്ഷമമാക്കുക, കാഴ്ചപരിമിതരായ വിദ്യാർഥികളുടെ അലവൻസും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. അബ്ദുൾ ഹക്കീം, രാജേഷ് ഷൈമ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.