നവജീവൻ ബഥനി വിദ്യാലയത്തിൽ "ടെക് ട്രോവ്-23' സംഘടിപ്പിച്ചു
1374859
Friday, December 1, 2023 5:19 AM IST
തിരുവനന്തപുരം: നവജീവൻ ബഥനി വിദ്യാലയത്തിൽ ശാസ്ത്രമേളയായ "ടെക് ട്രോവ്-23' സംഘടിപ്പിച്ചു. സൗത്ത് സോൺ സഹോദയ സംഘടിപ്പിച്ച ശാസ്ത്രപ്രദർശന മേളയ്ക്കാണ് ബഥനി വിദ്യാലയം ആധിഥേയത്വം വഹിച്ചത്.
സൗത്ത് സോൺ സഹോദയ പ്രസിഡന്റും മാറനല്ലൂർ ക്രൈസ്റ്റ് നഗർ സ്കൂൾ പ്രിൻസിപ്പലുമായ ഫാ. ബിനോ പട്ടർകളം സിഎംഐ അധ്യക്ഷത വഹിച്ചു. ഐഎസ്ആർഒ ശാസ്ത്രജ്ഞനായ ഡോ. ബിജുകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
നവജീവൻ ബഥനി വിദ്യാലയ അഡ്മിനിസ്ട്രേറ്റർ ഫാ.ഡാനിയൽ മണ്ണിൽ ഒഐസി, സൗത്ത് സോൺ സഹോദയ വൈസ് പ്രസിഡന്റും നവജീവൻ ബഥനി വിദ്യാലയ പ്രിൻസിപ്പലുമായ ഷാനാ രഞ്ജിത്ത്, വൈസ് പ്രിൻസിപ്പൽ ഷൈനി കെവിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ വിദ്യാലയങ്ങളിലെ അധ്യാപകർ, രക്ഷകർത്താക്കൾ, മത്സരാർഥികൾ പങ്കെടുത്തു.
വിദ്യാർഥികളിൽ വൈജ്ഞാനികവും, ശാസ്ത്ര, ഗണിത, സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ, ഐടി അഭിരുചിയും വളർത്തിയെടുക്കുക എന്നതായിരുന്നു ശാസ്ത്ര പ്രദർശന മേളയുടെ ലക്ഷ്യം. തലസ്ഥാനനഗരിയിൽ നിന്നും ഐഎസ്ആർഒ, മെഡിക്കൽ കോളജ്, കേരള ഹെൽത്ത് മിഷൻ, സംസ്ഥാന സോയിൽ മ്യൂസിയം ആൻഡ് സോയിൽ ഇൻഫർമേഷൻ സെന്റർ, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജി, കോളജ് ഓഫ് എൻജിനീയറിംഗ്, മാർ ബസേലിയോസ് കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ബഥനി നവജീവൻ കോളജ് ഓഫ് ഫിസിയോത്തെറാപ്പി, ബഥനി നവജീവൻ നാച്ചുറോപതി ആൻഡ് യോഗാ സെന്റർ എന്നീ സ്ഥാപങ്ങളുടെ പ്രദർശനങ്ങളും മേളയിൽ അരങ്ങേറി.
വിജയികൾക്കുള്ള സമ്മാനദാനം സൗത്ത്സോൺ സഹോദയ സെക്രട്ടറി ഷാഹുൽ ഹമീദ്, മുക്കോല സെന്റ് തോമസ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ സാമുവൽ വർഗീസും നിർവഹിച്ചു.