നെല്ലിക്കുഴി പാലം: വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ഗൗരീശപട്ടം റസിഡന്റ്സ് അസോസിയേഷൻ
1374856
Friday, December 1, 2023 5:19 AM IST
തിരുവനന്തപുരം: നെല്ലിക്കുഴി പാലം നീരൊഴുക്കു തടസപ്പെടുത്തുമെന്ന പരാതിയുടെ പശ്ചാത്തലത്തിൽ ഇതു പരിശോധിക്കാൻ ഉന്നതലത്തിലുള്ള വിദഗ്ദ്ധസമിതിയെ നിയോഗിക്കണമെന്ന് ഗൗരീശപട്ടം റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. തുടർച്ചയായി മൂന്നു തവണയുണ്ടായ വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.
നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ കോണ്ഗ്രസ് നേതാവ് വി.എം. സുധീരന്റെ നേതൃത്വത്തിൽ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ജില്ലാ കളക്ടർ ജെറോമിക് ജോർജുമായി നടത്തിയ ചർച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
പട്ടം തോട്, ഉള്ളുർ തോട്, പഴവങ്ങാടി തോട് എന്നിവ സംഗമിക്കുന്ന കണ്ണമ്മൂലയിലും തുടർന്ന് മുന്നോട്ടും ജലഒഴുക്ക് തടസപ്പെടുത്തുന്ന രീതിയിലുള്ള കൈയേറ്റങ്ങൾ ഒഴിവാക്കണം. കണ്ണമ്മൂലമുതൽ ആമയിഴഞ്ചാൻ തോടിലെയും ആക്കുളം കായലിലെയും ചെളി, മണ്ണ്, മാലിന്യങ്ങൾ എന്നിവ നീ്ക്കം ചെയ്ത് ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കണം.
ആമയിഴഞ്ചാൻ തോട്ടിൽ കണ്ണമ്മൂല പാലംമുതൽ അണമുഖം പാലം വരെയുള്ള ഭാഗങ്ങളിൽ അശാസ്ത്രീയമായ രീതിയിൽ നിർമിച്ച നടപ്പാലങ്ങളുടെ ഫലമായിട്ടുണ്ടാകുന്ന നീരൊഴുക്കു തടസങ്ങൾ ഒഴിവാക്കണം.
പട്ടം തോട്, ഉള്ളൂർ തോട് എന്നിവയിൽ നിന്ന് സമയബന്ധിതമായി ചെളിയും, മണ്ണും, മാലിന്യങ്ങളും നീക്കംചെയ്യണം. നീക്കംചെയ്യപ്പെടുന്ന ചെളിയും മാലിന്യങ്ങളും തോടുകളുടെ കരയ്ക്കുതന്നെ ഇടരുത്. വെള്ളപ്പൊക്ക നിവാരണ നടപടികളെക്കുറിച്ച് ഗൗരീശപട്ടം റസിഡന്റ്സ് അസോസിയേഷൻ, കണ്ണമ്മൂല, പാറ്റുർ, കോസ്മോ, ആനയറ തുടങ്ങി ബന്ധപ്പെട്ട എല്ലാ റസിഡന്റ്സ് അസോസിയേഷനുകളുമായും ചർച്ച നടത്തണം.
ഇക്കാര്യത്തിന് റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടു.
ചർച്ച ആശാവഹമായിരുന്നു എന്നു വി.എം. സുധീരൻ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് മോഹൻ വർഗീസ്, സെക്രട്ടറി കെ.ര ാധാകൃഷ്ണൻ, ട്രഷറർ ബി.ഉണ്ണികൃഷ്ണൻ, പ്രഫ. സാജു മാത്യു, കെ.ജി.സാം, റിട്ടയേർഡ് ഇറിഗേഷൻ എൻജിനീയർ ഷിബു ചാക്കോ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.