ചികിത്സാപിഴവെന്ന് ആരോപണം : ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു
1374591
Thursday, November 30, 2023 1:58 AM IST
കാട്ടാക്കട: കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥശിശു മരണപ്പെട്ട സംഭവത്തിൽ ചികിത്സാ പിഴവ് ആരേപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതോടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പരിശോധിച്ചു.
കിള്ളി ജുമാ മസ്ജിദിലെ ഖബറിലായിരുന്നു കുട്ടിയെ അടക്കം ചെയ്തിരുന്നത്. കാട്ടാക്കട തഹസിൽദാർ നന്ദകുമാരന്റ നേതൃത്വത്തിലായിരുന്നു കഴിഞ്ഞദിവസം രാവിലെ മൃതദേഹം പുറത്തെടുത്തത് പരിശോധന നടത്തിയത്. പത്തു ദിവസം മുൻപാണ് കിള്ളി തൊളിക്കോട്ടുകോണം സെയദ് അലിയുടെ ഭാര്യ രണ്ടാമത്തെ പ്രസവ സംബന്ധമായ ചികിത്സക്ക് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത് . ചികിത്സക്കിടെ വയറുവേദന രൂക്ഷമായതിനെ തുടർന്ന് ആശുപത്രി അധികൃതർ എസ്എടി ആശുപത്രിയിലേക്ക് റഫർ ചെയ്തു.
എന്നാൽ എസ്എടി ആശുപത്രിയിൽ എത്തുന്നതിന് രണ്ട് മണിക്കൂർ മുൻപ് തന്നെ കുട്ടി മരിക്കുകയും ആശുപത്രിയിലെ പരിശോധനയിൽ ഗർഭപാത്രം പൊട്ടിയതായും കണ്ടെത്തിയിരുന്നു.
ഇതേതുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവ് ഉണ്ടായെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത്.