ആൻ റിഫ്റ്റയ്ക്ക് കണ്ണീരോടെ വിട
1374403
Wednesday, November 29, 2023 6:47 AM IST
പറവൂർ: ആൻ റിഫ്റ്റയ്ക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കുസാറ്റിലെ ദുരന്തത്തിൽ മരിച്ച നാടിന്റെ നുന്നുമോൾക്ക് കുറുമ്പത്തുരുത്ത് ഗ്രാമം കണ്ണീരോടെയാണ് വിട ചൊല്ലിയത്. ചവിട്ടുനാടക ആശാൻ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടിൽ റോയ് ജോർജ്കുട്ടിയുടെയും സിന്ധുവിന്റെയും മകളായ ആൻ റിഫ്റ്റ (20) കുസാറ്റിൽ രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിദ്യാർഥിനിയായിരുന്നു.
ഇറ്റലിയിൽ ജോലി ചെയ്തിരുന്ന അമ്മ സിന്ധു ഇന്നലെ രാവിലെ അഞ്ചോടെ വീട്ടിലെത്തി. മകളുടെ ചേതനയറ്റ ശരീരം കണ്ടതോടെ അവർ വാവിട്ടു കരഞ്ഞു. വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം മൃതദേഹം കുറുമ്പത്തുരുത്ത് സെന്റ് ജോസഫ് പള്ളിയിലെത്തിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. ആന്റണി കുരിശിങ്കലിന്റെ കാർമികത്വത്തിൽ നടന്ന കുർബാനയ്ക്കും ശുശ്രൂഷകൾക്കും ശേഷം പിതാവ് റോയ്, അമ്മ സിന്ധു, സഹോദരൻ റിഥുൽ എന്നിവരും ബന്ധുക്കളും അന്ത്യചുംബനം നൽകി .
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ റോജി എം. ജോൺ, അൻവർ സാദത്ത്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസ്.ശർമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.