പാതവികസനത്തില്‍ പൊളിച്ചുമാറ്റിയ ഗാന്ധിമണ്ഡപം പുനർനിർമിക്കും
1339822
Monday, October 2, 2023 12:10 AM IST
നേമം : കരമന- കളിയിക്കാവിള പാത വികസനത്തിന്റെ ഭാഗമായി എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ചുമാറ്റപ്പെട്ട ഗാന്ധിമണ്ഡപം കൈമനം -തിരുവല്ലം റോഡിന് സമീപം പുനർനിർമിക്കും. ബിഎസ്എന്‍എല്‍ വളപ്പിലെ മൂന്ന് സെന്റ് സ്ഥലം ഗാന്ധിമണ്ഡപം നിർമിക്കാൻ റവന്യൂവകുപ്പ് പുരാവസ്തുവകുപ്പിന് കൈമാറി.
മണ്ഡപം പുന:സ്ഥാപിക്കുന്നതിനായി കൈമനത്ത് ഗാന്ധിമന്ദിരം സ്ഥിതി ചെയ്തിരുന്നതിന് സമീപത്തായി പല സ്ഥലങ്ങളും കണ്ടെത്തുകയും പിന്നീട് മാറ്റുകയുമാണ് ഉണ്ടായത്. ഇതില്‍ വ്യാപക പ്രതിഷേധവുമുണ്ടായിരുന്നു.
റോഡുപണിയുടെ ഒന്നാം ഘട്ട നിര്‍മാണോദ്ഘാടന സമയത്ത് കൈമനത്ത് ബിഎസ്എന്‍എല്‍ ഓഫീസിനുമുന്നില്‍ ഗാന്ധിമന്ദിരം പുന:സസ്ഥാപിക്കുന്നതിന് ശിലാകര്മം നടത്തുകയും ചെയ്തിരുന്നു.
മണ്ഡപം പൊളിച്ചപ്പോഴുള്ള ശിലകളില്‍ പകുതി പുരാവസ്തുവകുപ്പിന്റെ കോട്ടയ്ക്കകത്തെ ഓഫീസിലും പകുതി പോത്തന്‍കോട് മടവൂര്പ്പാറയിലേയ്ക്കും മാറ്റിയിരുന്നു.
ഗാന്ധിമണ്ഡപം എത്രയും വേഗത്തില്‍ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഗാന്ധിമണ്ഡപ സമിതി സെക്രട്ടറി കൈമനം പ്രകാശ് ആവശ്യപ്പെട്ടു .