മാലിന്യനിക്ഷേപം ചോദ്യം ചെയ്ത ബിജെപി പ്രവർത്തകന് കുത്തേറ്റു
1339814
Monday, October 2, 2023 12:01 AM IST
വർക്കല: വർക്കല ഇടവ ഗുരുദേവക്ഷേത്രത്തിനു മുന്നിൽ മാലിന്യം നിക്ഷേപിച്ചതു ചോദ്യം ചെയ്ത ബിജെപി പ്രവർത്തകന് കുത്തേറ്റു. ഇക്കഴിഞ്ഞ സെപ്റ്റംബർ 29 ന് വൈകുന്നേരം 6.30ഓടെയാണ് സംഭവം.
ഇടവ സ്വദേശി ദിനേശിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പരവൂർ നെടുങ്ങോലം സ്വദേശി ഗോപകുമാറിനെ (40) നെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. സമീപത്തെ ഹോട്ടൽ ജീവനക്കാരൻ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുമന്ദിരത്തിലെ ജീവനക്കാരനായ മോഹനനുമായി തർക്കമുണ്ടായിരുന്നു.
ഇരുവരുംതമ്മിലുള്ള തർക്കം രൂക്ഷമായപ്പോൾ സംഭവസ്ഥലത്തെതിയ പ്രാദേശിക ബിജെപി പ്രവർത്തകനായ ദിനേശ് കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും മാലിന്യ നിക്ഷേപം പോലീസിനെ അറിയിക്കാൻ മോഹനനോട് പറയുകയും ചെയ്തു.
പ്രകോപിതനായ ഗോപകുമാർ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു ദിനേശിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ദിനേശിന്റെ ഇടതു കണ്ണിന് മുകളിലായി കുത്തേറ്റു. പരിക്കേറ്റ ദിനേശിനെ ഉടൻതന്നെ വർക്കലയിലെ സ്വാകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണം നടക്കുമ്പോൾ പ്രതി മദ്യ ലഹരിയിലായിരുന്നതായി നാട്ടുകാർ പറഞ്ഞു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.