എൻജിൻ തകരാർ: രക്ഷകരായി പൂവാർ തീരദേശപോലീസ്
1339602
Sunday, October 1, 2023 4:57 AM IST
വിഴിഞ്ഞം: പൂവാർ തീരദേശ പോലീസിന്റെ അവസരോചിതമായ ഇടപെടൽ മത്സ്യത്തൊഴിലാളികളായ പത്ത് തമിഴ്നാട്ട്കാർക്ക് രക്ഷയായി. എൻജിൻ തകരാറിലായി നിയന്ത്രണംതെറ്റി തിരത്തേക്ക് ഇടിച്ചുകയറാൻ തുടങ്ങിയട്രോളർ ബോട്ടിനെയും അതിലെ തൊഴിലാളികളെയും രക്ഷിക്കാൻ തീരദേശ പോലീസിനും കോസ്റ്റൽ വാർഡൻ മാർക്കും ഏറെ പണിപ്പെടെണ്ടി വന്നു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് പൂവാർ തീരത്തിനു കഷ്ടിച്ച് 250 മീറ്റർ മാത്രം അകലെയായി പച്ചനിറത്തിലുള്ള ഒരു ബോട്ട് അലഞ്ഞ് തിരിയുന്നത് പോലീസിന്റെ ശ്രദ്ധയിൽപെട്ടത്. ശക്തമായ കടൽ ക്ഷോഭത്തിൽആടിയുലയുന്ന ബോട്ട് ഏതു നിമിഷവും കരയിലേക്ക് ഇടിച്ചുകയറുമെന്ന അവസ്ഥയിലായിരുന്നു. പുറംലോകവുമായി ബന്ധ പ്പെടാനുള്ള എല്ലാ സംവിധാനങ്ങളും നിശ്ചലമായതിനാൽ സഹായമഭ്യർഥിക്കാനും ബോട്ടിലെ തൊഴിലാളികൾക്കായില്ല. പ്രതികൂല കാലാവസ്ഥ അവഗണിച്ച് മറ്റൊരു മത്സ്യബന്ധന ബോട്ടിലെത്തി കാര്യങ്ങൾ തിരക്കിയ കോസ്റ്റൽവാർഡൻ മാർക്ക് അപകടം മനസിലായി.
പൂവാർ ഫിഷ് ലാന്റിംഗ് സെന്ററിൽനിന്ന് ആറ് നങ്കൂരങ്ങൾ ശേഖരിച്ച തീരദേശ പോലീസ് അതുമായി കടലിലേക്ക് തിരിച്ചു. നങ്കൂരത്തിന്റെ ബലത്തിൽ ആങ്കർചെയ്ത ബോട്ടിനെതിരയുടെ ഭാഗത്തുനിന്നു നീക്കുന്നതിനുള്ള ശ്രമങ്ങൾ ഫലം കണ്ടില്ല. ഇതിനിടെ അവശരായ മത്സ്യത്തൊഴിലാളികൾക്കുള്ള ഭക്ഷണവും വെള്ളവും അധികൃതർതന്നെ വള്ളത്തിലെത്തിച്ചു. വൈകുന്നേ രം മൂന്നോടെ തമിഴ്നാട്ടിൽനിന്ന് മറ്റൊരു ബോട്ട് വരുത്തി കെട്ടിവലിച്ച് കൊണ്ടുപോയി.
കന്യാകുമാരി മുട്ടം സ്വദേശി പനിദാസന്റെ ഉടമസ്ഥതയിലുള്ള ഷാനിയ എന്ന ട്രോളറാണ് അപകടത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. നാലുദിവസം മുന്പാണ് പത്തംഗ സംഘവുമായി മുട്ടം ഹാർബറിൽനിന്ന് ബോട്ട് ഉൾക്കടലിലേക്ക് തിരിച്ചത്. മീൻപിടിത്തം തുടരുന്നതിനിടെ മൂന്നുദിവസം മുൻപ് ബോട്ടിന്റെ എൻജിൻ തകരാറിലായി. അറ്റകുറ്റപ്പണികൾ നടത്തി തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ പാഴായ ബോട്ട് നിയന്ത്രണം തെറ്റിയ കടലിലൂടെ ലക്ഷ്യമില്ലാതെ ഒഴുകുകയായിരുന്നു. ഇതിനിടയിൽ വയർലെസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും തകരാറിലായി. അതോടെരക്ഷക്കായി അപേക്ഷിക്കാനുള്ള മാർഗങ്ങളും അടഞ്ഞു.
കാറ്റും കടൽ ക്ഷോഭവും കാരണം കേരളത്തിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ രണ്ട് ദിവസമായി വള്ളമിറക്കാത്തതിനാൽ അലഞ്ഞ് തിരിഞ്ഞ ഇവരുടെ അവസ്ഥ ആരും അറിഞ്ഞതുമില്ല.