കണ്ടല സഹ. ബാങ്കിന് മുന്നിൽ പ്രതിഷേധം, സംഘർഷം, അറസ്റ്റ്
1339601
Sunday, October 1, 2023 4:57 AM IST
കാട്ടാക്കട: കണ്ടല ബാങ്ക് മുൻ പ്രസിഡന്റ് ബിജെപി നേതാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് ബാങ്കിന് മുന്നിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിലും തുടർന്ന് അറസ്റ്റിലും കലാശിച്ചു.
ബിജെപി നേതാവ് തൂങ്ങാംപാറ ബാലകൃഷ്ണൻ ഇന്നലെ രാവിലെ ബാങ്കിനു സമീപം സമരക്കാരെ കണ്ടുമടങ്ങുന്നതിനിടെ സ്ഥലത്തെത്തിയ ബാങ്ക് മുൻ പ്രസിഡന്റ് എൻ. ഭാസുരാംഗൻ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചെന്നാണ് ആരോപണം. ഇതേ തുടർന്ന് ബിജെപി ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. തൂങ്ങാംപാറ ജംഗ്ഷനു സമീപമായിരുന്നു ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായത്.
കണ്ടല ബാങ്കിനെതിരെ ആദ്യഘട്ടം മുതൽ സമരത്തിനു നേതൃത്വം നൽകിയ ബിജെപി കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റും പഞ്ചായത്തിലെ മുതിർന്ന നേതാവുമാണ് തൂങ്ങാംപാറ ബാലകൃഷ്ണൻ. ഭാസുരാഗംനും മകനും തൂങ്ങാമ്പാറ ഓഡിറ്റോറിയത്തിനു സമീപത്തുവച്ചു കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാരോപിച്ച് ബാലകൃഷ്ണൻ മാറനല്ലൂർ പോലീസിലും ഡിവൈഎസ്പിക്കും പരാതി നൽകി. ബാങ്കിനെയും തന്റെ കുടുംബത്തേയും തകർക്കാൻ ശ്രമിക്കുന്നത് എന്തിനെന്ന് ചോദിച്ചായിരുന്നു ഭാസുരാംഗൻ കാറിടിപ്പിക്കാൻ ശ്രമിച്ചതെന്ന് ബാലകൃഷ്ണൻ ആരോപിക്കുന്നു.
അതേസമയം ബാലകൃഷ്ണന്റെ പരാതി പോലീസ് ഗൗരവത്തിലെടുക്കാതിരുന്നതോടെ ബിജെപി ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവരും പ്രാദേശിക നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ബാലകൃഷ്ണൻ റോഡിൽ കിടന്നു പ്രതിഷേധം തുടങ്ങി. ബിജെപി പ്രവർത്തകരും നേതാക്കളും ചേർന്ന് കാട്ടാക്കട, നെയ്യാറ്റിൻകര റോഡ് ഉപരോധിച്ചു. ഇക്കാര്യമറിഞ്ഞ് പോലീസെത്തിയതോടെ പ്രദേ ശത്ത് വൻ സംഘർഷമുണ്ടായി.
ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസ് സംഘം സമരക്കാരെ നീക്കംചെയ്യാൻ തുടങ്ങിയതോടെ പരസ്പരമുള്ള ബാലപ്രയോഗം കൈയാങ്കളിയിലേ ക്കു നയിച്ചു. പോലീസുകാരും ബിജെപി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. ഇതിനിടെ പോലീസുകാരൻ തൂങ്ങാംപാറ ബാലകൃഷ്ണനെ നെഞ്ചിൽ ഇടിച്ചുവെന്നാരോപിച്ചും വാക്കുതർക്കമുണ്ടായി. തുടർന്ന് പോലീസ് തൂങ്ങാംപാറ ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തുനീക്കി. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉൾപ്പടെയുള്ളവരും പോലീസുമായി രൂക്ഷമായ വാക്കേറ്റവുമുണ്ടായി. പ്രതിഷേധം അവസാനിപ്പിച്ച ശേഷം വൈകുന്നേരത്തോടെ യോഗം സംഘടിപ്പിച്ചു.