പൊട്ടിപ്പൊളിഞ്ഞ് കല്ലിയൂരിലെ റോഡുകള്‍: ദുരിതയാത്ര മടുത്തെന്ന് ജനം
1339104
Friday, September 29, 2023 12:42 AM IST
നേമം: കല്ലിയൂര്‍ പഞ്ചായത്തിലെ ഇടറോഡുകള്‍ പൊട്ടിപൊളിഞ്ഞ് കുണ്ടുംകുഴിയുമായിട്ട് മാസങ്ങളായി. സര്‍വോദയം, ഊക്കോട്- വേവിള, കല്ലുവിള- കുളക്കോട്ടുകോണം തെറ്റിവിള, മണക്കുന്ന് തുടങ്ങിയ റോഡുകളില്‍ ടാറിളകി വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്.
പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ വെള്ളായണി ശിവോദയം റോഡിന്റെ പല ഭാഗങ്ങളിലും മഴയത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതക്ലേശം ശക്തമാണ്. കാല്‍നട യാത്ര പോലും ബുദ്ധിമുട്ടിലായി. നിരവധി വാഹനങ്ങളാണ് ദിനവും ഈ റോഡിലൂടെ കടന്നുപോകുന്നത്.
വെള്ളായണി ക്ഷേത്ര റോഡില്‍ നിന്നും വരുന്ന വാഹനങ്ങളും കരുമം പുഞ്ചക്കരി , പാപ്പാന്‍ചാണി പ്രദേശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളും കന്നുകാലിചാല്‍ ബണ്ടുറോഡ് വഴി വരുന്ന വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്.
സുരേഷ് ഗോപിയുടെ എംപി ഫണ്ട് ഉപയോഗിച്ച് ബണ്ടു റോഡ് വികസിപ്പിച്ച് ടാറ് ചെയ്തതോടെ വാഹനങ്ങളുടെ സഞ്ചാരവും വർധിച്ചു. കഴിഞ്ഞ കുറെ നാളുകളായി ശിവോദയം റോഡ് ശോചനീയാവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറയുന്നു.
വാഹന യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടും റോഡിന്റെ സ്ഥിതി മാറിയിട്ടില്ല. വെള്ളം കെട്ടി നിന്ന് ടാറും മെറ്റലുമിളകി ഉണ്ടായ വന്‍ കുഴികളില്‍ വീണ് ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതല്‍ ദുരിതത്തിലാകുന്നത്. റോഡരികിലെ താമസക്കാരും ബുദ്ധിമുട്ടുകയാണ് റോഡ് തകര്‍ന്നതോടെ പലരുടെയും വീടിന്റെ ഗേറ്റിനരികില്‍ വരെ വെള്ളം കെട്ടി നില്‍ക്കുകയാണ്.