ഹരിത ഉപഭോക്തൃ സംസ്കാരം വളർത്തണം: മന്ത്രി ജി.ആർ. അനിൽ
1339098
Friday, September 29, 2023 12:28 AM IST
തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾക്കൊണ്ടുള്ള ഹരിത ഉപഭോക്തൃ സംസ്കാരം വളർത്തിയെടുക്കാൻ നാം മുന്നോട്ടിറങ്ങണമെന്ന് മന്ത്രി ജി.ആർ. അനിൽ.
ലോക ഹരിത ഉപഭോക്തൃ ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായി രുന്നു മന്ത്രി. പരിസ്ഥിതിയ്ക്ക് കോട്ടംതട്ടതെ ഉത് പാദിപ്പിക്കുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ശുദ്ധ ഊർജമാണ് നമുക്ക് വേണ്ടത്.
പ്രകൃതി സംരക്ഷണത്തിൽ മുഖ്യപങ്ക് വഹിക്കുന്ന റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ എന്നീ മൂന്നു വാക്കുകളുടെ പ്രാധാന്യം നമ്മെ ഓർമപ്പെടുത്തുന്നതു പരിസ്ഥിതി സൗഹൃദ സമൂഹത്തെയാണെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും വർജിക്കാൻ സാധിക്കില്ലെങ്കിലും വിവേകപൂർവം ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലായാൽ അതിന്റെ ദോഷം നമ്മുടെ സമൂഹത്തിൽ പരമാവധി കുറയ്ക്കാൻ സാധിക്കും.
പാരമ്പര്യ ഊർജത്തിൽനിന്നും പാരമ്പര്യേതര ഊർജത്തിലേക്ക് മാറാൻ സാധിച്ചാൽ ശുദ്ധ ഊർജത്തിലേക്കുള്ള മാറ്റം കൈവരിക്കാൻ സാധിക്കുമെന്നും മന്ത്രി ഓർമിപ്പിച്ചു. സിഡിആർസി സംസ്ഥാന പ്രസിഡന്റ് റിട്ട. ജസ്റ്റിസ് കെ. സുരേന്ദ്ര മോഹൻ മുഖ്യപ്രഭാഷണം നടത്തി.
ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഡോ. സജിത് ബാബു, സിഡിആർസി ജില്ലാ പ്രസിഡന്റ് പി.വി. ജയരാജൻ, അക്രഡിറ്റഡ് എനർജി ഓഡിറ്റർ ബി.വി. സുരേഷ് ബാബു, റേഷനിംഗ് കൺട്രോളർ മനോജ് എന്നിവർ സംബന്ധിച്ചു.