ഗ്ലോബൽ ട്രാവൽ മാർക്കറ്റിന് ഇന്ന് കോവളത്ത് തുടക്കം
1338571
Wednesday, September 27, 2023 12:36 AM IST
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവൽ എക്സ്പോ ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ (ജിടിഎം-2023) ആദ്യ പതിപ്പിന്റെ ഉദ്ഘാടനം ഇന്നു നടക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം നിർവഹിക്കും.
വൈകിട്ട് അഞ്ചിന് കോവളം റാവിസ് ലീലയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ചീഫ് സെക്രട്ടറി ഡോ. വി. വേണു മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം 6.30ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സെമിനാർ ഉദ്ഘാടനം ചെയ്യും. "സംസ്കാരവും പ്രകൃതിയും ഒത്തുചേരുന്ന ദക്ഷിണേന്ത്യയുടെ സത്ത അനുഭവിച്ചറിയുക' എന്ന വിഷയത്തിലാണ് സെമിനാർ നടക്കുക.
സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്), തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് (ടിസിസിഐ), സിട്രീൻ ഹോസ്പിറ്റാലിറ്റി വെഞ്ചേഴ്സ്, തവാസ് വെഞ്ചേഴ്സ്, മെട്രോ മീഡിയ എന്നിവ ചേർന്നാണ് 30 വരെ നടക്കുന്ന വാർഷിക ബിബി, ട്രാവൽ ആൻഡ് ട്രേഡ് എക്സിബിഷനായ ജിടിഎം 2023 സംഘടിപ്പിക്കുന്നത്.
28 ന് കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റനാഷണൽ സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ ആരംഭിക്കുന്ന ജിടിഎം 2023ന്റെ ട്രാവൽ ട്രേഡ് എക്സിബിഷൻ പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.
ടൂറിസം മേഖലയിലെ ആഗോള പങ്കാളികളുടെ ഒത്തുചേരലിനും നിരവധി പുതിയ ബിസിനസ് പങ്കാളിത്തങ്ങളുടെ ഒപ്പുവയ്ക്കലിനും ജിടിഎം സാക്ഷ്യം വഹിക്കുമെന്ന് ടൂറിസം ഡയറക്ടർ പി.ബി. നൂഹ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ട്രാവൽ, ടൂറിസം വ്യവസായം പരമാവധി പ്രയോജനപ്പെടുത്താൻ പങ്കാളികളെ പ്രാപ്തരാക്കുന്ന പുതിയ അവസരങ്ങൾ ജിടിഎം നൽകുമെന്നും പി.ബി. നൂഹ് പറഞ്ഞു.