ഓണ്‍ലൈൻ നിക്ഷേപ തട്ടിപ്പ്: ഗൃഹനാഥന് എട്ടുലക്ഷം നഷ്ടമായി
1338331
Tuesday, September 26, 2023 12:14 AM IST
തിരുവനന്തപുരം: ആറുമാസത്തിനുള്ളിൽ നിക്ഷേപതുകയ്ക്ക് ഇരട്ടി നൽകാമെന്നു പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. വിളവൂർക്കൽ സ്വദേശി സുരേഷിന് നഷ്ടമായത് എട്ടുലക്ഷം രൂപ. തട്ടിപ്പിനിരയായ സുരേഷ് തന്പാനൂർ പോലീസിലും ഡിജിപിക്കും പരാതി നൽകി.
തന്പാനൂർ ഒൗവർ കോളജിനു സമീപത്തെ ഇന്ത്യ ഹോസ്പിറ്റൽ റോഡിൽ സമസ്താ ബിൽഡിംഗ്സിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന പവർ നിക്സ് എന്ന ഓണ്‍ലൈൻ നിക്ഷേപ കേന്ദ്രത്തിനെതിരേയാണു പരാതി നൽകിയിരിക്കുന്നത്. കന്പനിയുടെ മാനേജിംഗ് ഡയറക്ടർ ഗോപകുമാറാണു തട്ടിപ്പു നടത്തിയതെന്നാണു പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്. 200 ദിവസംകൊണ്ട് പണം ഇരട്ടിക്കുമെന്ന സ്കീമിൽ അഞ്ചു ലക്ഷവും 250 ദിവസംകൊണ്ട് ഇട്ടിരിക്കുന്ന സ്കീമിൽ മൂന്നുലക്ഷവും നിക്ഷേപിച്ചു. ആദ്യം കൃത്യമായി ചെറിയ തുക തിരികെ നൽകിയെങ്കിലും പിന്നീട് അതുമുണ്ടായില്ല.
അന്വേഷിച്ചപ്പോൾ പിന്നീട് ഒരുമിച്ച് തരാമെന്നു പറഞ്ഞെങ്കിലും കാലാവധി കഴിഞ്ഞിട്ടും തുടർ നടുപടിയുണ്ടായില്ലെന്നു പരാതിയിൽ പറയുന്നു. കന്പനിക്ക് എറണാകുളത്തും ബ്രാഞ്ച് ഉണ്ട്. നിരവധി തവണ പണം ആവശ്യപ്പെട്ടെങ്കിലും വണ്ടിച്ചെക്ക് നൽകി പറ്റിക്കുകയായിരുന്നു. തുടർന്ന് തന്പാനൂർ പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. തുടർന്നാണു സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകിയത്. പലരിൽ നിന്നായി ഇയാൾ തുക ഇരട്ടിപ്പിച്ചു നൽകാമെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെന്നും പറയുന്നു.