മെഡിക്കൽ കോളജിൽ വെന്റിലേറ്ററിനും ചാർജ്
1338092
Monday, September 25, 2023 12:36 AM IST
മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിനും ഐ സിയുവിനും കോവിഡ് സമയത്ത് ഒഴിവാക്കിയിരുന്ന ചാര്‍ജ് പുനരാരംഭിച്ചതില്‍ പ്രതിഷേധത്തിനൊരുങ്ങി രോഗികളും ബന്ധുക്കളും. വെന്റിലേറ്ററിന് 1000 രൂപയും ഐസിയുവിന് 500 രൂപയുമാണ് ചാര്‍ജ് ഏര്‍പ്പെടുത്തിയത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ഐസിയുവില്‍ പ്രവേശിപ്പിക്കുന്നത്. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നവരെയാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ജീവന് നിലനിര്‍ത്തുന്നതും. ഉയര്‍ന്ന വരുമാനക്കാര്‍ക്കാണ് ഈ രണ്ടുസേവനങ്ങള്ക്കും പണം നല്‍കേണ്ടി വരുന്നത്. ബിപി എല്‍ കാര്‍ഡുകാര്‍ക്ക് ഈ സേവനങ്ങള്‍ തികച്ചും സൗജന്യമായി നല്‍കും.
എന്നാല്‍ ഉയര്‍ന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡുകള്‍ കൈവശം വയ് ക്കുന്ന ഭൂരിഭാഗം രോഗികള്‍ക്കും ദിനംപ്രതി മരുന്നു വാങ്ങാനോ ഡയാലിസിസ് തുടങ്ങിയവ ചെയ്യാനോ കഴിയാത്ത സാഹചര്യത്തിലാണ് വെന്റിലേറ്ററിനും ഐസിയുവിനും ചാര്‍ജ് ഏര്പ്പെടുത്തിയെതെന്നാണ് രോഗികളും ബന്ധുക്കളും ആരോപിക്കുന്നത്.
എന്നാല്‍ കോവിഡ് സമയത്ത് ഒഴിവാക്കിയിരുന്ന തുക പുനരാരംഭിക്കുക മാത്രമാണുണ്ടായതെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ ന്യായീകരിക്കുന്നത്. ചാര്‍ജുകള്‍ ഏര്‍പ്പെടുത്തിയത് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് കിടപ്പ് രോഗികള്ക്കുനല്കി വന്നിരുന്ന ബ്രഡും പാലും നിര്‍ത്തലാക്കിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയി രുന്നു. അതിനു പിന്നാലെ വെന്റിലേറ്ററിനും ഐസിയുവിനും ചാര്‍ജ് ഏര്‍പ്പെടുത്തിയത് ഇരുട്ടടിയായെന്നും ആക്ഷേപമുണ്ട്.