സന്ദർശകരെ വിരുന്നിനു വിളിച്ച് കോതയാർമല
1338090
Monday, September 25, 2023 12:36 AM IST
കോട്ടൂർ സുനിൽ
കാട്ടാക്കട : പ്രകൃതി തീർത്ത പ റഞ്ഞാൽ വിസ്മയ ങ്ങൾ ഒളിപ്പിച്ച് കോതയാർമല സന്ദർശകരെ വിരുന്നുവിളി ക്കുന്നു. നട്ടുച്ചയ്ക്കും ശരീരം മൂടുന്ന തണുപ്പ്്. കോടമഞ്ഞിൻ താഴ്വരകളും ഇരുൾമൂടിയ കൊക്കകളും ഇളംപച്ചപ്പണിഞ്ഞ മലമടക്കുകയും ചെങ്കുത്തായ മലനിരകളും നൽകുന്ന, നിമിഷനേരംകൊണ്ട് കോടമഞ്ഞു വന്നണയുന്നയിടമാണ് കോതയാർമല. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലാണ് ഈ മലനിരകൾ.
സമുദ്ര നിരപ്പിൽ നിന്നു 1000-1500 മീറ്റർ ഉയരെയാണ് വനതാഴ്വാരം. തമിഴ്നാട്ടിലെ അംബാസമുദ്രം ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതം ഇതിന്റെ ഭാഗമാണ്. ഊട്ടിക്കു സമാനമായ ഇവിടത്തെ കാലാവസ്ഥയിൽ ശരീരവും മനസും "ഫ്രഷ്’ ആക്കാൻ അതുതന്നെ ധാരാളം.
തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രം കഴിഞ്ഞു കഷ്ടിച്ച് അഞ്ചു കിലോമീറ്റർ പിന്നിട്ടു കല്ലടക്കുറിച്ചിയിലെത്തി വലത്തോട്ടു തിരിയുമ്പോൾ കളക്കാട് മുണ്ടൻതുറൈ ടൈഗർ റിസർവിന്റെ ബോർഡ് കാണാം. മാഞ്ചോലയിലേക്കും അതിനും മുകളിൽ കുതിരവെട്ടിയിലേക്കും പോകാൻ വനംവകുപ്പിന്റെ അനുമതി വേണം.
കല്ലടക്കുറിച്ചിയിൽനിന്നു മണിമുത്താർ സ്പെഷൽ പോലീസ് ക്യാന്പുകടന്നാൽ മണിമുത്താർ ഡാം സൈറ്റിലെത്തും. ഇവിടത്തെ ചെക്ക് പോസ്റ്റിലെത്തി അനുമതി വാങ്ങി മുകളിലേക്കു യാത്ര തുടരാം. കുതിരവെട്ടിയിലെ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ അത്യാവശ്യം സൗകര്യങ്ങളോടെ താമസിക്കാം. മണിമുത്താർ, മാഞ്ചോല, കാക്കാച്ചി, നാലുമുക്ക്, ഊത്ത് അങ്ങനെ വിവിധയിടങ്ങൾ പിന്നിടാം.
മാഞ്ചോലയും കാക്കാച്ചിയും ഊത്തുമൊക്കെ ബോംബെ ബർമാ ട്രേഡിംഗ് കോർപറേഷനു കീഴിലുള്ള തേയിലത്തോട്ടങ്ങളും ഫാക്ടറികളുമാണ്. ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ ലയങ്ങളും കാണാം. മണിമുത്താർ വെള്ളച്ചാട്ടവും അരുവിയുമൊക്കെ കണ്ണിനു കുളിർമയാകും.
ഇവിടെയാണു വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ്. മണിമുത്താറിൽ നിന്നു 20 കിലോമീറ്റർ അകലെയാണു മാഞ്ചോല. കുതിരവെട്ടിയിലേക്ക് 48 കിലോമീറ്ററുണ്ട്. മണിമുത്താർ ഡാമിൽ ബോട്ട് സവാരിയുമുണ്ട്. ഇവിടെ നിന്നാൽ സഹ്യപർവതത്തിന്റെ ഭംഗി ആസ്വദിക്കാം. മണിമുത്താർ അരുവിക്കു കുറുകെയുള്ള പാലത്തിൽ നിന്നാൽ സമീപത്തെ വെള്ളച്ചാട്ടം കാണാം. ഊത്തിൽനിന്നു കുതിരവെട്ടിയിലേക്കു റോഡില്ല.
കുതിരവെട്ടി ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലെ താമസം പുതിയ അനുഭവം സമ്മാനിക്കും. വൈകുന്നേരത്തോടെ കോടമഞ്ഞ് നിറയും. സന്ധ്യ മയങ്ങുമ്പോൾ കാട്ടുമൃഗങ്ങളുടെ ശബ്ദങ്ങൾ കേൾക്കാം. കാട്ടുപക്ഷികളുടെ കലപില കേൾക്കാം, പാറിപ്പാറി നടക്കുന്ന ചിത്രശലഭങ്ങൾ കുസൃതികാട്ടും.
ട്രെയിൻ യാത്രക്കാർ തിരുനെൽവേലിയിൽ ഇറങ്ങുക. ഇവിടെനിന്നും 34 കിലോമീറ്റർ അംബാസമുദ്രം. മാഞ്ചോലയിലേക്കും കുതിരവെട്ടിയിലേക്കും പോകാൻ വനം വകുപ്പിന്റെ അനുമതി വാങ്ങുക. റൂമുകൾ ഓൺ ലൈൻ ബുക്കു ചെയ്യാം. കാട്ടിനുള്ളിൽ താമസിക്കണമെന്നാണെങ്കിൽ കുതിരവെട്ടിയിലെ ഗസ്റ്റ് ഹൗസിൽ താമസിക്കാം. നമ്പർ94889 12270.