കെഎസ്ഇബി സെക്ഷൻ ഓഫീസ് മാറ്റാനുള്ള തീരുമാനത്തിൽ പ്രതിഷേധം
1338077
Monday, September 25, 2023 12:19 AM IST
നെടുമങ്ങാട്: അരുവിക്കരയിൽ പ്രവർത്തിക്കുന്ന കെഎസ്ഇബി സെക്ഷൻ ഓഫീസും ക്യാഷ് സെന്ററും മാറ്റാനുള്ള തീരുമാനത്തിൽ വ്യപക പ്രതിഷേധം. ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ ഒന്നു മുതൽ ഓഫീസ് മാറ്റാനാണ് തീരുമാനം.
തിരുവനന്തപുരം നഗരത്തിൽ ശുദ്ധജലം എത്തിക്കുന്ന 24 മണിക്കൂർ പ്രവർത്തിക്കുന്ന പമ്പിംഗ് സ്റ്റേഷനും 11കെവി സബ്സ്റ്റേഷനുമുള്ള അരുവിക്കരയിൽ നിന്നും സെക്ഷൻ ഓഫീസ് മാറ്റുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും.
ഗ്രാമീണ മേഖലയായ അരുവിക്കര പ്രദേശത്തെ ജനങ്ങളോടു ഇലക്ട്രിസിറ്റി ബിൽ ഓൺലൈനായോ , അക്ഷയ വഴിയോ അടയ്ക്കാൻ നിർദ്ദേശിക്കുന്നത് കടുത്ത അനീതിയാണ് ആക്ഷേപം ഉയരുന്നു. തീരുമാനം മാറ്റണമെന്ന് പഞ്ചായത്തു ഭരണ സമിതി തീരുമാനമെടുത്ത് അധികാരികളെ അറിയിച്ചിട്ടുണ്ട്.
ഇനിയും ഈ തീരുമാനവുമായി മുന്നോട്ടു പോയാൽ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടിവരുമെന്ന് സിപിഐ അരുവിക്കര മണ്ഡലം അസി. സെക്രട്ടറിയും, ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അരുവിക്കര വിജയൻ നായരും, അരുവിക്കര വാർഡ് മെമ്പർ ഗീതാ ഹരികുമാറും അധികാരികൾക്ക് നിവേദനം നൽകി.