വിശ്വാസസംരക്ഷണത്തിൽ എൻഎസ്എസ് മുന്നേറ്റം തുടരും: എം. സംഗീത് കുമാർ
1337911
Sunday, September 24, 2023 12:22 AM IST
തിരുവനന്തപുരം: ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസ സംരക്ഷണത്തിനായി എൻഎസ്എസ് ശക്തമായ മുന്നേറ്റം തുടരുമെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ പറഞ്ഞു. ഭൂരിപക്ഷ സമുദായങ്ങൾ മതേതര സംഘടിത ശക്തിയായി മുന്നോട്ടു വരേണ്ടതിന്റെ അനിവാര്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. വഴുതക്കാട് ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക വിശേഷാൽ പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സംഗീത് കുമാർ.
കരയോഗം പ്രസിഡന്റ് എസ്. വേലായുധൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം.കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് ഈശ്വരിയമ്മ, കരയോഗം സെക്രട്ടറി വി. ഹരികുമാർ, മേഖലാ കണ്‍വീനർ കെ..പി. പരമേശ്വരനാഥ്, കരയോഗം വൈസ് പ്രസിഡന്റ് കെ. ശശികുമാർ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ എം. സംഗീത് കുമാറിനു സ്വീകരണം നൽകി. മുതിർന്ന അംഗങ്ങളെ ആദരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും ഓണാഘോഷ മത്സര വിജയികൾക്കും സമ്മാനങ്ങൾ നൽകി.