മാർപാപ്പയുമായി സംവദിക്കാൻ ഒരുങ്ങി സ്റ്റീവ് സാജൻ ജേക്കബ്
1337905
Sunday, September 24, 2023 12:22 AM IST
തിരുവനന്തപുരം: ദക്ഷിണേന്ത്യൻ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക- വിദ്യാർഥി പ്രതിനിധികളുമായി ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന ഓണ്‍ലൈൻ സംവാദത്തിൽ പങ്കെടുക്കാൻ അവരം നേടി തിരുവനന്തപുരം മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജ് വിദ്യാർഥി. കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥിയായ സ്റ്റീവ് സാജൻ ജേക്കബിനാണ് അവസരം ലഭിച്ചിരിക്കുന്നത്. ഷിക്കാഗോ ലയോള യൂണിവേഴ്സിറ്റിയും വത്തിക്കാനിലെ പൊന്തിഫിക്കൽ കമ്മീഷൻ ഫോർ ലാറ്റിൻ അമേരിക്കയും ചേർന്നു നടത്തുന്ന "ബിൽഡിംഗ് ബ്രിഡ്ജസ് അക്രോസ് സൗത്ത് ഏഷ്യ’ എന്ന സംവാദ പരിപാടിയുടെ ഭാഗമായാണ് മാർപാപ്പയുമായി സംസാരക്കാൻ സ്റ്റീവിനു അവസരം ലഭിച്ചിരിക്കുന്നത്.
ഇന്ത്യയിൽനിന്ന് സംവാദത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച പന്ത്രണ്ട് വിദ്യാർഥികളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിൽ നിന്നുള്ള ഏക വിദ്യാർഥി സ്റ്റീവാണ്. 26ന് നടക്കുന്ന സംവാദത്തിൽ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ്, ചെന്നൈ ലയോള കോളജ്, ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, സെന്റ് ജോസഫ് യൂണിവേഴ്സിറ്റി, ലാഹോറിലെ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബ്, കാഠ്മണ്ഡു സെന്റ് സേവ്യേഴ്സ് കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും പങ്കെടുക്കും.
സ്റ്റീവിനു ലഭിച്ച അവസരം ക്രൈസ്റ്റ് നഗർ കോളജിന് ഏറ്റവും ആഹ്ലാദകരവും അഭിമാനകരവുമായ മുഹൂർത്തമാണെന്ന് കോളജ് മാനേജർ ഫാ. സിറിയക് മഠത്തിൽ സിഎംഐ, പ്രിൻസിപ്പൽ ഡോ.ജോളി ജേക്കബ് എന്നിവർ അറിയിച്ചു.