തീരദേശ ഹൈവേ പദ്ധതി: ഡിപിആർ പ്രസിദ്ധീകരിക്കണം: പാസ്റ്ററൽ കൗണ്‍സിൽ
1337904
Sunday, September 24, 2023 12:22 AM IST
തിരുവനന്തപുരം: തീരദേശവാസികളെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന തീരദേശ ഹൈവേ പദ്ധതിയുടെ ഡിപിആർ അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പദ്ധതിയുടെ പാരിസ്ഥിതിക, സാമൂഹികാഘാത്തെപ്പറ്റി വിശദമായി പഠിക്കാതെ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിൽ അതിരൂപത സമിതി ഉത്കണ്ഠ രേഖപ്പെടുത്തി. പട്ടയം ലഭിക്കാത്ത പരിമിതമായ ഭൂമിയുള്ളവരെയും കുടിയൊഴിപ്പിക്കുമെന്ന ആശങ്കയിൽ കഴിഞ്ഞു കൂടുന്ന ഈരൈമ്മൻതുറ മുതൽ മാന്പള്ളി വരെയുള്ള തീരപ്രദേശങ്ങളിൽ അധിവസിക്കുന്ന അതിരൂപതയിലെ ഭൂരിഭാഗം വരുന്ന മത്സ്യത്തൊഴിലാളികൾക്ക് തൊഴിലിടവും ജീവനോപാധികളും നഷ്ടപ്പെടുത്തിക്കൊണ്ടുള്ള വികസന പ്രവർത്തനത്തെ ആശങ്കയോടെയാണ് നോക്കി കാണുന്നത്.
കോർപറേറ്റ് കുത്തകകൾക്കു തീറെഴുതാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് സമിതി ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് പ്രിൻസിപ്പലായി നിയമിതയായ ഡോ. ലിനറ്റ് ജൂഡിത്ത് മോറിസ്, സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ജോയി ജോണ്‍, ആനന്ദ് ജസ്റ്റിൻ, ജോസഫ് റെഫിൻ ജെഫ്രി, നിഹാരിക ആൻ ജോഷി, വിമിൻ എം. വിൻസന്റ് എന്നിവരെ ആദരിച്ചു. മോണ്‍. യൂജിൻ പെരേര, ഫാ. ലോറൻസ് കുലാസ്, ഫാ. ലെനിൻ ഫെർണാണ്ടസ്, ഇഗ്നേഷ്യസ് തോമസ്, ജോഷി റോബർട്ട്, ഡോ. സീന ഫെലിക്സ്, ഗ്രേസി തോമസ് എന്നിവർ പ്രസംഗിച്ചു.