ഡ്രൈവർ അവശനായി; ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരൻ
1337632
Saturday, September 23, 2023 12:02 AM IST
കാട്ടാക്കട : ഡ്രൈവർ അവശനായി കെഎസ്ആർടിസി ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരൻ. കെഎസ്ആർടിസിയിലെ മറ്റൊരു ഡ്രൈവറായിരുന്നു യാത്രയ്ക്കിടെ രക്ഷകനായെത്തിയത് വെള്ളനാട് ഡിപ്പോയിലെ ഡ്രൈവറായ വെള്ളൂർപാറ പെരിജ്യൂഡ് കോട്ടേജിലെ പി.വില്യം കുമാർ (55) ആണ് സഹപ്രവർത്തകന്റെയും സഹയാത്രികരുടെയും ജീവൻ രക്ഷിച്ചത്.
അവശനായ ഡ്രൈവർ പി.ജയകുമാറിനെ ഇതേ ബസിൽ തന്നെ വില്യം ആശുപത്രിയിലും എത്തിച്ചു. കിഴക്കേക്കോട്ടയിൽ നിന്നും ആര്യനാട് ഭാഗത്തേയ്ക്ക് പോയ വെള്ളനാട് ഡിപ്പോയിലെ ബസിലാണ് സംഭവം. ആറരയോടെ ബസ് പുളിയറക്കോണം മണ്ണയം ഭാഗത്ത് എത്തിയപ്പോൾ യാത്രക്കാരനെ ഇറക്കാൻ കണ്ടക്ടർ ബെല്ലടിച്ചു.
പക്ഷേ, ബസ് നിർത്തിയില്ല. വീണ്ടും ബെൽ മുഴക്കിയിട്ടും ബസ് മുന്നോട്ട് പോയപ്പോഴാണ് ഡ്രൈവറുടെ ഇടത് ഭാഗത്തെ സീറ്റിലിരുന്ന വില്യം ഡ്രൈവറെ വിളിച്ച് ബസ് നിർത്താൻ ആവശ്യപ്പെട്ടത്. പ്രതികരിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് ഡ്രൈവറുടെ അടുത്തേയ്ക്ക് പോയത്.
ഡ്രൈവർ ജയകുമാർ അവശനായി ഇരിക്കുകയാണെന്നും ബസ് നിയന്ത്രണം വിട്ട് മുന്നോട്ട് പോകുകയാണെന്നും മനസിലാക്കിയ വില്യം പെട്ടന്ന് സ്റ്റിയറിങ്ങിൽ പിടിച്ചു. ഇറക്കത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന ബസ് നിർത്താനായി ഡ്രൈവറുടെ ക്യാബിനിലേക്ക് കാൽ കയറ്റി ബ്രേക്ക് ചവിട്ടുകയും ചെയ്തു. അപ്പോഴാണ് കണ്ടക്ടറും മറ്റ് യാത്രക്കാരും വിവരം മനസിലാക്കിയത്.
ജയകുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മറ്റു വാഹനം കിട്ടാതായതോടെ ഇതേബസിൽ വില്യം ജയകുമാറിനെ ആശുപത്രിയിലുമെത്തിച്ചു. യാത്രക്കാരെ ഇറക്കിയ ശേഷം ബസ് ഡിപ്പോയിൽ എത്തിക്കുകയും ചെയ്തു.
മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ജയകുമാറിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 29 വർഷമായി കെഎസ്ആർടിസിയിൽ ഡ്രൈവറായി ജോലി നോക്കുന്ന തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണ് ബുധനാഴ്ച ഉണ്ടായതെന്നു വില്യംകുമാർ.
സഹപ്രവർത്തകന്റെയും യാത്രക്കാരുടെയും ജീവൻ രക്ഷിക്കാനായത് ദൈവാനുഗ്രഹം കൊണ്ടാണ്. ഡ്യൂട്ടിയില്ലാത്തതിനാൽ വെട്ടുകാട് പള്ളിയിൽ പോയി വീട്ടിലേയ്ക്കു മടങ്ങുന്ന വഴിയായിരുന്നു സംഭവമുണ്ടായത്.
മാസങ്ങൾക്കു മുൻപ് കിഴക്കേക്കോട്ടയിൽ കെഎസ്ആർടിസി ബസിൽ നിന്നും തീയും പുകയും ഉയർന്നപ്പോൾ സമയബന്ധിതമായ ഇടപെടൽ നടത്തിയതിന് വില്യംകുമാറിനെയും കൂടെയുണ്ടായിരുന്ന കണ്ടക്ടറെയും ആദരിച്ചിരുന്നു. 2011ലാണ് വില്യം കുമാറിനെ കെഎസ്ആർടിസി സ്ഥിരപ്പെടുത്തിയത്.