കപ്പൽ യാത്രയ്ക്കിടെ സ്ട്രോക്ക്; ഫിലിപ്പീൻസ് പൗരനു ന്യൂറോ സർജറി വിജയകരം
1337630
Saturday, September 23, 2023 12:02 AM IST
തിരുവനന്തപുരം: ഇന്നലെ കപ്പൽയാത്രയ്ക്കിടെ സ്ട്രോക്കിനെത്തുടർന്ന് അബോധാവസ്ഥയിലായ ഫിലിപ്പീൻസ് പൗരനിൽ നടത്തിയ ന്യൂറോ സർജറി വിജയകരം.
തിരുവനന്തപുരം കിംസ് ഹെല്‍ത്തിലെ മെഡിക്കൽ സംഘത്തിന്റെ വിദഗ്ധ ഇടപെടലിലൂടെയാണ് തലച്ചോറിലെ അനിയന്ത്രിതമായ രക്തസ്രാവം നിയന്ത്രിച്ച് രോഗാവസ്ഥ ഭേദമാക്കിയത്.
കൊളംബോയിൽ നിന്നും സൂയസ് കനാലിലേക്കുള്ള യാത്രാമധ്യേയാണ് അടിയന്തര സാഹചര്യം ഉടലെടുത്തത്. വിഴിഞ്ഞത്തിന് ഏകദേശം 50 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ വച്ചായിരുന്നു 56 വയസ്സുകാരനു സ്ട്രോക്ക് അനുഭവപ്പെടുന്നത്.
ഗുരുതരാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്ന് തീരസംരക്ഷണ സേനയുടെ സഹായത്തോടെ തിരുവനന്തപുരത്തെത്തിക്കുകയും തുടർന്നു നടത്തിയ സിടി സ്കാനിൽ തലച്ചോറിനും ചുറ്റുമുള്ള പാളിക്കുമിടയിലായി രക്തസ്രാവം (സബ്അരക്നോയിഡ് ഹെമറേജ്) സ്ഥിരീകരിക്കുകയുമായിരുന്നു. ഇത്തരത്തിൽ തലച്ചോറിനു ചുറ്റുമുള്ള ഫ്ലൂയിഡിൽ രക്തം അടിഞ്ഞു കൂടുകയും തലച്ചോറിലെ സമ്മര്‍ദ്ദം വര്ദ്ധികയും ചെയ്യുന്നത് രോഗിയുടെ ജീവനു ഭീഷണിയുണ്ടാക്കുന്നതാണ്.
സാധാരണയായി റപ്ച്വേര്‍ഡ് അന്യൂറിസമാണ് ഇത്തരത്തിലുള്ള രക്തസ്രാവത്തിന് കാരണമാകുന്നതെന്നും അടിയന്തര ചികിത്സ അത്യാവശ്യമാണെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ന്യൂറോ സർജറി വിഭാഗം സീനിയർ കൺസൽട്ടൻഡ് ഡോ. ആർ.അജിത് പറഞ്ഞു.
ഗുരുതരാവസ്ഥ കണക്കിലെടുത്ത് തലയോട്ടി തുറന്ന് ക്രേനിയോട്ടമി നടത്തകയും ക്ലിപ്പിംഗിലൂടെ അന്യൂറിസവും ധമനിയുമായുള്ള ബന്ധം ഫലപ്രദമായി വിഛേദിക്കുകയായിരുന്നു. അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യനില തൃപ്തികരമാകുന്നതു വരെ ഐസിയുവിലേയ്ക്ക് മാറ്റി.
ശേഷം മുറിയിലേയ്ക്ക് മാറ്റുകയും ഒരു ആഴ്ചയോളം ഫിസിയോതെറാപ്പി നടത്തുകയും ചെയ്തു. ഒരു മാസത്തെ ആശുപത്രി വാസത്തിനു ശേഷം, പൂർണ ആരോഗ്യം വീണ്ടെടുത്ത് രോഗി ഫിലിപ്പീൻസിലേക്ക് മടങ്ങി.
ന്യൂറോസർജറി കൺസൾട്ടന്റുമാരായ ഡോ.അബുമദൻ, ഡോ. എൻ.എസ്.നവാസ് , ഡോ. ബോബി ഐപ്പ്, ന്യൂറോ അനസ്തേഷ്യ വിഭാഗം കൺസൽട്ടന്റ് ഡോ. ബി.സുഷാന്ത്, ഫിസിക്കൽ മെഡിസിൻ വിഭാഗം കൺസൾട്ടന്റ് ഡോ. ജെ.നിത എന്നിവരും ചികിത്സയുടെ ഭാഗമായി.