വിഴിഞ്ഞം: ചൈനീസ് കപ്പൽ നാലിനെത്തും
1337618
Friday, September 22, 2023 11:24 PM IST
വിഴിഞ്ഞം: കാലാവസ്ഥ കനിഞ്ഞാൽ മാത്രമേ കപ്പൽഷെൻ ഹുവ - 15 അടുത്ത മാസം നാലിന് വിഴിഞ്ഞം തീരത്തണയൂ. അന്താരാഷ്ട്ര തുറമുഖത്ത് ഉറപ്പിക്കാനുള്ള കൂറ്റൻ ക്രെയിനുമായി ഇക്കഴിഞ്ഞ രണ്ടിനു ചൈനീസ് തീരം വിട്ട ഷെൻ ഹുവ ആൻഡമാൻ കടന്നതായി അധികൃതർ അറിയിച്ചു.
ഗുജറാത്തിലെ മുദ്ര തുറമുഖത്ത് എത്തുന്ന കപ്പൽ രണ്ട് റെയിൻ മൗണ്ട് ഗാൻട്രി ക്രെയിനുകൾ ഇറക്കിയശേഷമായിരിക്കും മറ്റ് രണ്ടെണ്ണവുമായി വിഴിഞ്ഞത്തേക്ക് തിരിക്കുക. പ്രക്ഷുപ്ദമായ കടലിൽ ഉദേശിച്ചതിനെക്കാൾ വേഗത കുറഞ്ഞ് യാത്ര ചെയ്യുന്ന കപ്പൽ നിലവിൽ നിശ്ചയിച്ച ദിവസമായ ഒക്ടോബർ നാലിന് വിഴിഞ്ഞം തീരത്ത് അടുക്കുന്ന കാര്യത്തിലും അധികൃതർക്ക് ഉറപ്പില്ല.
ഈ മാസം 28 ന് എത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ കാലതാമസം കണക്കിലെടുത്ത് തിയതിക്ക് മാറ്റമുണ്ടായി. ഷെൻ ഹുവാക്ക് ശേഷം മൂന്ന് കപ്പലുകളിലായി എത്തുന്ന ക്രെയിനുകൾ തുറമുഖ വാർഫിൽ ഉറപ്പിച്ച് മറ്റ് പണികളും പൂർത്തിയാക്കി വരുന്ന മേയിൽ ഒന്നാം ഘട്ടം കമ്മിഷൻ ചെയ്യാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
അതിനിടയിൽ ലോക്സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഇലക്ഷനും വന്നാലും തുറമുഖ നിർമ്മാണത്തെ ബാധിക്കില്ലെന്നും വിലയിരുത്തുന്നു.
സാധാരണയായി ഏപ്രിൽ മാസത്തിൽ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനാൽ ആഡംബരമായ കമ്മീഷനിംഗിനും തടസമുണ്ടാകില്ലെന്നും അധികൃതർ പറയുന്നു. 2024 ഡിസംബറിലേക്ക് നിശ്ചയിച്ചിരുന്ന കമ്മിഷനിംഗ് മേയിലേക്ക് മാറ്റുകയായിരുന്നു.