ഗ്ലോബൽ ട്രാവൽ മാർക്കറ്റ് 27 മുതൽ തിരുവനന്തപുരത്ത്
1337129
Thursday, September 21, 2023 5:08 AM IST
തിരുവനന്തപുരം: ടൂറിസം മേഖലയിലെ പുതിയ പ്രവണതകൾ അറിയാനും ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും അവസരമൊരുക്കുന്ന ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ (ജിടിഎം2023) ആദ്യ പതിപ്പിന് 27 ന് തിരുവനന്തപുരത്ത് തുടക്കമാകും.
ഇന്ത്യയിലെയും വിദേശത്തെയും ട്രാവൽ, ടൂറിസം മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന ജിടിഎം എക്സിബിറ്റേഴ്സിനും ബയേഴ്സിനും പുതിയ ബിസിനസ് പങ്കാളിത്തം ഉറപ്പിക്കാൻ അവസരമൊരുക്കും. 30 വരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇൻറർനാഷണൽ കണ്വൻഷൻ സെന്ററാണ് ജിടിഎമ്മിന് വേദിയാകുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി 1000 ത്തിലധികം ടൂർ ഓപ്പറേറ്റർമാർ ജിടിഎമ്മിൽ പങ്കെടുക്കും.
500 ലധികം വിദേശഅഭ്യന്തര ബയേഴ്സും 300 ലധികം കോർപറേറ്റ് ബയേഴ്സും 200 ലധികം സ്റ്റാളുകളും ഉണ്ടായിരിക്കും. തെക്കൻ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ രാജ്യത്തെ പ്രമുഖ ടൂർ ഓപ്പറേറ്റർമാർക്കും വിദേശ ടൂർ ഓപ്പറേറ്റർമാർക്കും പരിചയപ്പെടുത്തുന്നതിലൂടെ വലിയൊരു വിഭാഗം വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനാകുമെന്ന് ഗ്ലോബൽ ട്രാവൽ മാർക്കറ്റ് സിഇഒ സിജി നായർ പറഞ്ഞു. ജിടിഎമ്മിൽ 30 ന് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gtmt.in