കോവളം മാരത്തൺ: റേസ് ടീ ഷർട്ട് പ്രകാശനം ചെയ്തു
1336883
Wednesday, September 20, 2023 5:29 AM IST
തിരുവനന്തപുരം: യംഗ് ഇന്ത്യൻസ് ഡിഎൽടി ലെഡ്ജേഴ്സ് കോവളം മാരത്തൺ 2023 ന്റെ ഔദ്യോഗിക ടീഷർട്ട് പ്രകാശനം ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ നടന്ന ചടങ്ങിൽ സിറ്റി പോലീസ് കമീഷണർ നാഗരാജു ചക്കിലും പ്രകാശനം നിർവഹിച്ചു. 24ന് കോവളത്താണ് മാരത്തോൺ നടക്കുന്നത്.
ഫുൾ മാരത്തൺ (42.2 കി.മീ), ഹാഫ് മാരത്തൺ (21.1 കി.മീ), 10 കെ ഓട്ടം (10 കി.മീ), ഫൺ റൺ (അഞ്ച് കി.മീ), കോർപ്പറേറ്റ് റിലേ (അഞ്ച് കി.മീ) എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായിട്ടാണ് മാരത്തൺ. ഫുൾ, ഹാഫ്, 10.കെ വിഭാഗങ്ങളിൽ 18 വയസ് മുതലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം. അഞ്ച് കിലോമീറ്റർ വിഭാഗത്തിൽ 10 വയസിനു മുകളിലുള്ള കുട്ടികൾക്കും പങ്കെടുക്കാൻ കഴിയും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് മാരത്തോണിൽ പങ്കെടുക്കാൻ അവസരമുള്ളത്. വിജയകരമായി പൂർത്തിയാക്കുന്ന മുഴുവൻ പേർക്കും മെഡൽ ലഭിക്കും. ഫുൾ, ഹാഫ്, 10 കെ മാരത്തോണുകളിൽ ഫിനിഷിംഗ് സമയം കൃത്യമായി ട്രാക്ക് ചെയ്യുന്നതിനായി ആർഎഫ്ഐഡി ചിപ്പുകൾ ഘടിപ്പിച്ച ബിബുകൾ നൽകും.
മാരത്തോണിലൂടെ സമാഹരിക്കുന്ന തുക സമുദ്രസംരക്ഷണത്തിനായി ചെലവഴിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡിഎൽടി ലെഡ്ജേഴ്സിന് പുറമേ, ആക്സിയ ടെക്നോളജീസ്, പ്യുവർ ഹാർട്ട്, വാസുദേവ വിലാസം തുടങ്ങിയവരാണ് മറ്റ് പ്രധാന സ്പോൺസർമാർ. യംഗ് ഇന്ത്യൻസ് തിരുവന്തപുരം ചാപ്റ്റർ ചെയർമാൻ അനിന്ദ് ബെൻ റോയ്, കോ-ചെയർമാൻ സാജൻ എസ്. നന്ദൻ, മാരത്തൺ കോ-കൺവീനറും റേസ് ഡയറക്ടറുമായ ഷിനോമോൾ പാലത്താനത്ത്, യങ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്റർ കാലാവസ്ഥാ വിഭാഗം അധ്യക്ഷൻ ടെറൻസ് അലക്സ് തുടങ്ങിയവർ പങ്കെടുത്തു.